മലപ്പുറം > സ്റ്റോക്ക് ട്രേഡിങ് വഴി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു. കാഞ്ഞങ്ങാട് സൗത്തിലെ ബൈത്തുൽമുഹമ്മദ് വീട്ടിൽ മുജ്‌തബ (21)യെയാണ് മലപ്പുറം സൈബർ ക്രൈം പെലീസ് ഇൻസ്‌പെക്ടർ ചിത്തരഞ്ജന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാടുനിന്ന് അറസ്റ്റ് ചെയ്‌തത്. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിക്കാണ് പണം നഷ്‌ടമായത്.
ഫെയ്‌സ്‌ബുക്കിൽ കണ്ട ബ്ലാക്ക് റോക്ക് ഏയ്‌ഞ്ചൽ വൺ എന്ന സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റ് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കയറിയതായിരുന്നു വേങ്ങര സ്വദേശി. പലതവണയായി 1,08,02,222 രൂപ പ്രതികൾ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയായിരുന്നു. പണം നഷ്ടമായയാൾ വേങ്ങര പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. ഇത് മലപ്പുറം സൈബർ ക്രൈം പെലീസിന് കൈമാറുകയായിരുന്നു. സൈബർ ഓപ്പറേഷൻസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സൈബർ ഓപ്പറേഷൻസ് വിങ്ങിന്റെ ഏകോപനത്തോടെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസ് പ്രതികളിലൊരാളായ മുജ്‌ത്തബയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, റിജിൽ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.