കേരള പൊലീസിൽ പരാതി നൽകാൻ സ്റ്റേഷനിൽ പോകണം എന്നില്ലെന്ന് എത്ര പേർക്ക് അറിയാം? ഓൺലൈൻ ആയി കേരള പൊലീസിലും പരാതി സമർപ്പിക്കാൻ സംവിധാനം ഉണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയാണ് പരാതി നൽകാൻ കഴിയുക. പ്ലെയ്സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഈ ആപ്പിലൂടെ പൊലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ കഴിയും.
സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പോൽ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പരാതി സമർപ്പിക്കാനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ നൽകി ആദ്യ പേജിലെ രജിസ്ട്രേഷൻ പൂർത്തിയാക്കണം.
അതിന് ശേഷം പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്യണം. ഈ പേജ് പൂരിപ്പിക്കുമ്പോൾ പരാതിക്ക് ആവശ്യമായ രേഖകൾ കയ്യിൽ ഉണ്ടെങ്കിൽ അതും അപ്ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
