വടകര:ആകെ തകർന്നു പഴയ ബസ് സ്റ്റാൻഡ്. തൂണുകൾ പലതും അടിഭാഗത്തെ കോൺക്രീറ്റ് തകർന്നു വീഴാൻ പാകത്തിലാണ്. പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലും അരികിലും തകർന്നു വീഴുന്നുണ്ട്. ഇതിലെ ഒരു മുറി നഗരസഭയുടെ കണ്ടിൻജൻസി ജീവനക്കാരുടെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതാണ്. ഇതിലേക്കു ജീവൻ പണയം വച്ചുവേണം കയറാൻ. ബസ് നിർത്തുന്ന കെട്ടിടത്തിന്റെ മുകളിൽ ഖാദി കേന്ദ്രം പ്രവർത്തിക്കുന്ന ഭാഗത്തെ 2 മുറികളുടെ സീലിങ് പാടേ തകർന്നു. മുകളിൽ പ്ലൈവുഡ് ഷീറ്റ് അടിച്ചതു കൊണ്ട് പൊട്ടിയ കോൺക്രീറ്റ് അതിനു മുകളിൽ കെട്ടിക്കിടക്കുകയാണ്. സമീപത്തെ ഉപയോഗിക്കാത്ത മുറിയുടെ നിലം മുഴുവൻ തകർന്നു വീണ കോൺക്രീറ്റ് കഷണങ്ങളാണ്.
കെട്ടിടത്തിന്റെ പല ഭാഗത്തും വൈദ്യുതി വയറിങ് നടത്തിയ ഭാഗം പൊട്ടിക്കിടക്കുകയാണ്. പ്രധാന ഭാഗത്തെ ചോർച്ച പരിഹരിക്കാൻ പുതിയ ഷീറ്റ് സ്ഥാപിച്ചതു കൊണ്ടു വലിയ പ്രശ്നം ഒഴിവായിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ അരികിലും മറ്റും ചോർച്ചയുണ്ട്. ബസുകൾ പോകുന്ന ഭാഗത്ത് നിലത്ത് വൻ കുഴികളുണ്ട്. മഴയ്ക്ക് മുൻപ് ഇത് റീ ടാർ ചെയ്യേണ്ടതായിരുന്നു. 1979ലാണ് സ്റ്റാൻഡ് പുതുക്കി പണിതത്. അതിനു ശേഷം ചെറിയ റിപ്പയർ മാത്രമേ നടത്തിയിട്ടുള്ളൂ. കോട്ടപ്പറമ്പ് നവീകരണ പദ്ധതിയുടെ ഭാഗമായി സ്റ്റാൻഡ് പടിഞ്ഞാറു ഭാഗത്തേക്കു മാറ്റുന്നതു കൊണ്ടാണ് വൻ തുക ഇവിടെ ചെലവഴിക്കാത്തത്. എന്നാൽ ആലോചന തുടങ്ങി 15 വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പാകാത്തതു കൊണ്ട് സ്റ്റാൻഡിന്റെ അവസ്ഥ അനുദിനം പരിതാപകരമായി.