കോഴിക്കോട് : നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് മിതമായ നിരക്കിൽ സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്ന ഷീ ലോഡ്ജ് ലാഭത്തിലേക്ക്. കെ.പി.കേശവ മേനോൻ റോഡിൽ നഗരം പൊലീസ് സ്റ്റേഷനു മുൻപിൽ കോർപറേഷൻ നിർമിച്ച ഷീ ലോഡ്ജിന്റെ നടത്തിപ്പ് നോർത്ത് സിഡിഎസിൽ റജിസ്റ്റർ ചെയ്ത ഷീ വേൾഡ് കുടുംബശ്രീ യൂണിറ്റിനാണ്. കഴിഞ്ഞ വർഷം മാർച്ച് 11നു പ്രവർത്തനം ആരംഭിച്ച ഷീ ലോഡ്ജ് ഒരു വർഷം പൂർത്തിയായപ്പോൾ, 3,314 സ്ത്രീകൾ ഇവിടെ താമസിക്കാനെത്തിയതായി ഷീ വേൾഡ് കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി എൻ.ടി.സ്മിജി പറഞ്ഞു.
ഒരേസമയം 110 പേർക്കു താമസിക്കാനുള്ള സൗകര്യമുണ്ട്. എക്സ്ട്രാ ബെഡുകളിട്ടാൽ 120 പേർക്കു വരെ താമസിക്കാം. 14 മുറികൾ, 75 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, 9 ഡബിൾ മുറികൾ, 4 എസി മുറികൾ, ഒരു സിംഗിൾ മുറി എന്നിവയാണുള്ളത്. ആവശ്യമെങ്കിൽ ഭക്ഷണം ലഭിക്കും. ലൈബ്രറി, സൗജന്യ വൈഫൈ എന്നീ സൗകര്യങ്ങളും ഉണ്ട്. പുരുഷൻമാരടക്കമുള്ള കുടുംബത്തിനു താമസിക്കാൻ ഇതേ രീതിയിൽ താമസ സൗകര്യം ഒരുക്കിയാൽ കൂടുതൽ പേർ ഈ സംവിധാനത്തെ ആശ്രയിക്കുമെന്നാണ് ഷീ വേൾഡ് കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ പറയുന്നത്. ഇവിടെ ഹോട്ടൽ നടത്താനുള്ള സ്ഥല സൗകര്യങ്ങൾ ഉണ്ടെങ്കിലും അതിനുള്ള അനുമതി ഷീ ലോഡ്ജിന്റെനടത്തിപ്പുകാരായ ഷീ വേൾഡ് കുടുംബശ്രീ യൂണിറ്റിനില്ല.
ഷീ ലോഡ്ജ് വാടക
ഡോർമിറ്ററി ബെഡ് – 100 രൂപ
ബെഡ്റൂം സിംഗിൾ –200 രൂപ
ബെഡ്റൂം ഡബിൾ – 350 രൂപ
എസി ബെഡ്റൂം സിംഗിൾ– 750 രൂപ
എസി ബെഡ്റൂം ഡബിൾ – 1200 രൂപ
എസി ഡീലക്സ് സിംഗിൾ ബെഡ്– 1750 രൂപ
എസി ഡീലക്സ് ഡബിൾ ബെഡ്– 2250 രൂപ