ദില്ലി: അഫ്ഗാൻ എംബസിക്ക് പൂട്ട് വീണതോടെ ഭാവി ഇരുളടഞ്ഞ് ദില്ലി അഫ് ഗാന്‍ സ്കൂളിലെ നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍. എംബസിക്ക് പൂട്ടിയതോടെ ദില്ലിയിലെ അഫ്ഗാന്‍ സ്കൂളും അടച്ചു പൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ ഇവരുടെ തിരിച്ചുള്ള അഫ്ഗാനിസ്ഥാനിലേക്കുള്ള മടക്കവും അനിശ്ചിതത്വത്തിലാണ്.
സ്കൂളിന് പൂട്ട് വീണതോടെ എല്ലാം അവസാനിച്ചു. പഴയ ദിനങ്ങൾ ഓർക്കുമ്പോൾ മെഹ്ബൂബ കണ്ണ് നിറയുകയാണ്. അവിടുത്തെ അധ്യാപിക എന്നതിലുപരി മെഹ്ബൂബയുടെ ജീവിതമായിരുന്നു സയ്യിദ് ജമാലുദ്ധീൻ സ്കൂൾ. ഇനി എങ്ങനെ മുന്നോട്ടു പഠിക്കാൻ കഴിയുമെന്നോർത്ത് മെഹ്ബൂബയുടെ മകൻ യൂസഫ് നൂറും ആശങ്കയിലാണ്.
യൂസഫിനെ പോലെ ഈ സ്കൂളിൽ പഠിച്ചിരുന്ന നിരവധി കുട്ടികളും ഇതേ ആശങ്കയിലാണ്. താലിബാൻ ഭരണത്തിലേറിയതോടെ ദില്ലിയിലെ അഫ്ഗാൻ സ്കൂളിന് കിട്ടിയിരുന്ന സാമ്പത്തിക സഹായങ്ങൾ നിലച്ചു. പിന്നീടങ്ങോട്ട് ഇന്ത്യൻ സർക്കാർ സഹായിച്ചിരുന്നെങ്കിലും ഈ വർഷമാദ്യം മുതൽ കയ്യൊഴിഞ്ഞു. ദില്ലിയിലെ അഫ്ഗാൻ എംബസിയും പ്രവർത്തനം നിർത്തിയതോടെ സ്കൂൾ അടക്കേണ്ടി വന്നു. കുട്ടികളിൽ നിന്നും ഫീസ് വാങ്ങാതെയായിരുന്നു ഇക്കാലമത്രയും സ്കൂൾ പ്രവർത്തിച്ചിരുന്നത്. എട്ടുമാസമായി അധ്യാപകർക്ക് ശമ്പളം പോലും നൽകാൻ കഴിഞ്ഞിട്ടില്ല.