സ്കൂളുകളിൽ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ: നിർദേശം സ്വീകാര്യമല്ലെന്ന് പ്രഥമാധ്യാപക സംഘടന

news image
Jan 31, 2024, 10:16 am GMT+0000 payyolionline.in

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിക്ക് സ്കൂളുകൾ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നടത്തണമെന്ന നിർദേശം അസ്വീകാര്യവും അപ്രായോഗികവുമാണെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ ) സംസ്ഥാന സെക്രട്ടേറിയറ്റ്. സ്കൂളുകൾ സ്വന്തം അടുക്കളയിൽ സർക്കാർ നിർദേശിക്കുന്ന വ്യവസ്ഥകളോടുകൂടിയാണ് ഭക്ഷണം തയാറാക്കുന്നതും വിതരണം ചെയ്യുന്നതും. അധ്യാപകരും രക്ഷിതാക്കളും ഓരോ ദിവസവും ഭക്ഷണ ഗുണനിലവാരം പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ട്.

തദ്ദേശ ജനപ്രതിനിധി കൂടി ഉൾപ്പെടുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കൂടാതെ സർക്കാർ നിശ്ചയിക്കുന്ന ഏജൻസി സാമ്പിൾ ശേഖരിച്ച് ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നുമുണ്ട്. മുൻകൂട്ടി അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട കുട്ടികൾക്ക് മാത്രമാണ് സ്കൂളിൽനിന്ന് ഉച്ചഭക്ഷണം നൽകുന്നത്. ലാഭേച്ഛയോടെ വിൽപന നടത്തുന്ന കേന്ദ്രമല്ല സ്കൂൾ. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനെ കൂടുതൽ സങ്കീർണമാക്കുകയല്ലാതെ ഈ നിർദേശം കൊണ്ട് മറ്റൊരു പ്രയോജനവും ഇല്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

യോഗത്തിൽ പ്രസിഡന്റ്​ കെ.വി. എൽദോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മുഹമ്മദ് സാലിം, വി. നാരായണൻ, ഇ.ടി.കെ ഇസ്മായിൽ, എസ്.എസ്. ഷൈൻ, ബിജുതോമസ്, സിബി അഗസ്റ്റിൻ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe