കൊച്ചി: സോളര്‍ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി.ഗണേഷ്‍കുമാർ എംഎൽഎ. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് ഹൈക്കോടതിയിൽ പറഞ്ഞു. സോളര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊട്ടാരക്കര കോടതിയിൽ ഗണേഷിനെതിരായ ഹർജിയിൽ നടപടി തുടരാമെന്നു ഹൈക്കോടതി ഉത്തരവിട്ടു. 10 ദിവസത്തേക്കു ഗണേഷ് ഹാജരാകേണ്ടതില്ല. കേസ് റദ്ദാക്കണമെന്ന ഗണേഷിന്റെ ഹർജി വിധി പറയാൻ മാറ്റി. സോളര്‍ പീഡന കേസിലെ ഗൂഢാലോചനയില്‍ ഗണേഷ് നേരിട്ട് ഹാജരാകണമെന്നു കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് നൽകിയ ഹർജിയിലായിരുന്നു നിർദേശം.
ഒക്ടോബർ 18ന് ഗണേഷ് ഹാജരാകണമെന്നാണു കോടതി നിർദേശിച്ചത്. സോളർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും കാണിച്ചാണു സുധീർ ജേക്കബ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ പ്രാഥമികവാദം കേട്ട കോടതി പ്രഥമദൃഷ്ട്യാ കേസിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.