സൈബ‍ർ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവത്കരണം, കൈകോർത്ത് ദില്ലിപൊലീസും ഡെയ്ലി ഹണ്ടും

news image
Jun 13, 2023, 2:55 pm GMT+0000 payyolionline.in

ദില്ലി: രാജ്യത്തെ പ്രമുഖ ഓൺലൈൻ പ്രാദേശിക ഭാഷാ മാധ്യമങ്ങളിലൊന്നായ ഡെയ്ലി ഹണ്ടും ദില്ലി പൊലീസും സംയുക്തമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമായി. സൈബര്‍ സുരക്ഷ ബോധവത്കരണം, സ്ത്രീ സുരക്ഷ ബോധവത്കരണം, മയക്കുമരുന്ന് ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണം, മറ്റ് സാമൂഹിക പ്രശ്നങ്ങളിൽ ബോധവത്കരണം തുടങ്ങിയ കാര്യങ്ങളാണ് ദില്ലി പൊലീസുമായി സഹകരിച്ച് ഓൺലൈൻ വാർത്താ മാധ്യമങ്ങൾ ചെയ്യുക. ഇക്കാര്യത്തിൽ ഡെയ്ലി ഹണ്ടിനൊപ്പം ഒൺ ഇന്ത്യ ഓൺലൈനും ദില്ലി പൊലീസിനൊപ്പം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.

പൗരന്മാരുടെ സുരക്ഷയും, സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ബോധവത്കരണത്തിലൂടെ അറിയിച്ച് പൗരന്മാരെ ശാക്തീകരിക്കുകയാണ് പങ്കാളിത്ത പരിപാടിയിലൂടെ ദില്ലി പൊലീസും ഡെയ്ലി ഹണ്ടും ഒൺ ഇന്ത്യയും ലക്ഷ്യമിടുന്നത്. ഓൺലൈൻ വാർത്ത പ്ലാറ്റ്ഫോമുകളിൽ ദില്ലി പൊലീസിന്‍റെ ബോധവത്കരണ വീഡിയോകള്‍, കാര്‍ഡുകള്‍, ലൈവ് സ്ട്രീമുകള്‍ തുടങ്ങിയവ ഉൾപ്പെടുത്തും. ഓൺലൈൻ ഫോര്‍മാറ്റുകളിലൂടെയുള്ള ബോധവത്കരണം യുവ തലമുറയിലടക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ഉപയോഗത്തിന്‍റെ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഇന്‍ഫോഗ്രാഫിക്സും വീഡിയോകളും പ്രാദേശിക ഭാഷകളിലുടനീളം പ്രസിദ്ധീകരിക്കുകയും പ്രാദേശിക പ്രേക്ഷകര്‍ക്കിടയില്‍ പരമാവധി എത്തിച്ചേരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ വാർത്ത മാധ്യമങ്ങളുമായുള്ള സഹകരണത്തിലൂടെ സമൂഹവുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനാകുമെന്നും കൃത്യമായ അവബോധം സൃഷ്ടിക്കാനാകുമെന്നുമാണ് വിശ്വാസമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ബോധവത്കരണത്തിനെടുക്കുന്ന വിഷയങ്ങളില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ ഇത്തരം മാധ്യമങ്ങളിലൂടെ സുഗമമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ദില്ലി പൊലീസ് വിവരിച്ചു. ഈ പങ്കാളിത്തം പൗരന്മാരെ ശാക്തീകരിക്കുന്നതിന് ഗുണം ചെയ്യുമെന്നും അതുവഴി സുരക്ഷിതവും കൂടുതല്‍ അറിവുള്ളതുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ഓൺലൈൻ മാധ്യമങ്ങളുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe