സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

news image
Mar 13, 2025, 9:55 am GMT+0000 payyolionline.in

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഇതു സംബന്ധിച്ച് കബളിപ്പിക്കപ്പെട്ടയാൾ സൈബർ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ… ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ​ഗിഫ്റ്റ് വൗച്ചർ താങ്കൾക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്നിട്ട് സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകും. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോ​ഗിക്കാനും ആവശ്യപ്പെടും.

വാട്സാപ്പ് ​ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജി.എസ്.ടി അടക്കണമെന്ന അറിയിപ്പ് ലഭിക്കും. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നു. തുടർന്ന്, പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം കൈവശപ്പെടുത്തുകയാണ് രീതി. അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കെണിയിൽ വീഴുന്നതിന്റെ കാരണം അജ്ഞാതമാണ്.

എളുപ്പം പണം ലഭിക്കാമെന്ന ചിന്തയാണ് പലരെയും ഇതിലേക്ക് നയിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിന്റെ പേരിലും തട്ടിപ്പ് നടത്തി പണം കവരുന്ന സംഘങ്ങൾ സൈബർ ഇടങ്ങളിൽ സജീവമാണ്. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടക്കേണ്ട ആവശ്യമില്ലെന്നും പൊലീസ് നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe