സൈന്യത്തിന്റെ രഹസ്യവിവരങ്ങൾ പാക് ചാര ഏജൻസിക്ക് കൈമാറി; മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ

news image
Feb 4, 2024, 9:10 am GMT+0000 payyolionline.in

ദില്ലി: പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റായി പ്രവർത്തിച്ച കേന്ദ്ര ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ.  മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) മീററ്റിൽ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 121 എ പ്രകാരം ലഖ്‌നൗവിലെ എടിഎസ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾ 2021 മുതൽ മോസ്കോയിലെ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

റഷ്യയിലെ ഇന്ത്യൻ എംബസിയിൽ പാകിസ്ഥാൻ ചാരൻ ജോലി പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ, പല ചോദ്യങ്ങൾക്കും ഇയാളിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല.  എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രഹസ്യവിവരങ്ങൾ ഇയാൾ ചോർത്തി ഐഎസ്ഐക്ക് കൈമാറിയതായും സൂചനയുണ്ട്.  ഇന്ത്യൻ സൈന്യത്തിന്റെ ദൈന്യംദിന പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ചോർത്തുന്നതിനായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകാറുണ്ടെന്നും സത്യേന്ദ്ര സിവാൾ വെളിപ്പെടുത്തി.

ഹാപൂർ ജില്ലയിലെ ഷഹ്മഹിയുദ്ദീൻപൂർ സ്വദേശിയാണ് സിവാൾ. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിക്കാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ചാരന്മാർ മുഖേന വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിക്കുന്നതായി വിവിധ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. സിവാൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe