സേഫ് അലി ഖാൻ കേസ്: മധ്യപ്രദേശിൽ നിന്നും ഛത്തീസ്​ഗഡിൽ നിന്നും 2 പേർ കസ്റ്റഡിയിൽ

news image
Jan 18, 2025, 2:43 pm GMT+0000 payyolionline.in

ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസില്‍ പ്രതിയോട് രൂപസാദൃശ്യമുള്ള രണ്ടുപേര്‍ പോലീസ് പിടിയിലെന്ന് സൂചന. ഒരാളെ മധ്യപ്രദേശില്‍ നിന്നും മറ്റൊരാളെ ഛത്തീസ്ഗഡില്‍ നിന്നുമാണ് പിടികൂടിയത്. രണ്ടുപേരെയും നാളെ മുബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

സെയ്ഫ് അലി ഖാന്‍റെ വീടു മുതല്‍ ബാന്ദ്ര വരെയും അവിടുന്ന് വസായി വരെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും പോലീസ്  500ലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്.  ഇതില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങളും ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. കുറ്റം നടത്തിയ ശേഷം ബാന്ദ്ര സ്റ്റേഷനില്‍ നിന്നും വസ്ത്രം മാറി മറ്റൊരു രൂപത്തില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ദാദറില്‍ മൊബൈല്‍ നോക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

അവിടങ്ങളില്‍ ആ സമയത്ത് ആക്ടീവായ നമ്പറുകൾ പരിശോധിച്ച്  അന്വേഷണസംഘം കൂടുതല്‍ സജീവമായി. ഇതിനൊടുവിലാണ് രണ്ടുപേരെ പിടികൂടാനായത്. പ്രതിയാണെന്ന് പോലീസ് ഉറപ്പിക്കുന്നില്ലെങ്കിലും പ്രതിക്ക് രൂപ സാദൃശ്യമുള്ളവരെന്ന് സമ്മതിക്കുന്നുണ്ട് അന്വേഷണ സംഘം. മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്നും റെയില്‍വെ പോലീസാണ് മറ്റൊരാളെ പിടികുടിയത്. സിസിടിവി ദൃശ്യങ്ങളുമായുള്ള ഇയാളുടെ സമാനതയാണ് പ്രധാന കാരണം.

ഇതിനിടെ ഇന്നലെ ചോദ്യം ചെയ്തയാളും പോലീസ് കസ്റ്റഡിയിലാണ്. പ്രതി ഗുജറാത്തിലേക്ക് പോയിരിക്കാമെന്ന് സംശയത്തെ തുടര്‍ന്ന് ഒരു സംഘം അവിടെയുമുണ്ട്. ഒരാള്‍ മാത്രമാണെന്നും മോഷണമായിരുന്നു ലക്ഷ്യമെന്നും നേരത്തെ പറഞ്ഞിരുന്ന പോലീസ് ഇപ്പോള്‍ പിന്നോട്ട് മാറി. കേസില്‍ നിരവധി ആളുകളുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം.

ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് കരീന കപൂര്‍ മൊഴി നല്‍കിയതോടെ മോഷണമല്ലാതെ മറ്റുസാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സേഫ് അലി ഖാന്‍റെ വിട്ടില്‍ ജോലി ചെയ്തവരെ അടക്കം വരും ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഇതിനിടെ പ്രതിഫലം ആഗ്രഹിച്ചല്ല നടനെ അശുപത്രിയിലെത്തിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe