‘സെഞ്ച്വറി’പാലം കോഴിക്കോട് ; 100ാമത്തെ പാലം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിക്കും

news image
Feb 29, 2024, 1:31 pm GMT+0000 payyolionline.in

കോഴിക്കോട് > രണ്ടാം പിണറായി സർക്കാർ മൂന്ന്  വർഷം പിന്നിടുമ്പോൾ അഭിമാന നേട്ടവുമായി പൊതുമരാമത്ത് വകുപ്പ് . 3 വർഷത്തിനുള്ളിൽ  പൊതുമരാമത്ത് വകുപ്പ് പണി പൂർത്തിയാക്കിയ  നൂറാമത്തെ പാലം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. കോഴിക്കോട് ജില്ലയിലെ കുന്ദമംഗത്ത് ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്  ചെട്ടിക്കടവിൽ നിർമ്മിച്ച  പാലമാണ് ‘സെഞ്ച്വറി പാലം’ .വൈകിട്ട് 7.30നാണ് ഉദ്ഘാടനം . പി ടിഎസ് ഹൈടെക് പ്രോജക്ട്സ് ഇന്ത്യ ലിമിറ്റഡിനായിരുന്നു നിർമ്മാണ കരാർ.

ഈ ദിവസം ഏറെ സന്തോഷമുള്ളതാണെന്ന് മന്ത്രി പ്രതികരിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ നിർമിക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള സംവിധാനം ഈ സർക്കാർ കൊണ്ടുവന്നു. അതിന്റെ ഫലം വ്യക്തമായ ദിവസമാണിന്ന്. 100ാമത്തെ പാലം പ്രവർത്തി പൂർത്തീകരിച്ച്  നാടിന് സമർപ്പിക്കുകയാണ്. 5 വർഷം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഉദ്ദേശിച്ച കാര്യത്തിലേക്ക് എത്താൻ പറ്റി. എല്ലാവരും സഹകരിച്ചതിന്റെ ഭാ​ഗമായാണ് ഈ നേട്ടം – മന്ത്രി പറഞ്ഞു.

32.825 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനും, 12.50 മീറ്റർ നീളത്തിലുള്ള 2 ലാൻ്റ് സ്പാനും, 32 മീറ്റർ നീളത്തിലുള്ള സെൻ്റർ സ്പാനും ഉൾപ്പെടെ അഞ്ച് സ്പാനിൽ 123.55 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയും, 7.50 മീറ്റർ വീതിയിൽ കാരിയേജ് വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയാണ് പാലത്തിനുള്ളത്. പാലത്തിൻ്റെ അടിത്തറ പൈൽ ഫൗണ്ടേഷനാണ്. ചെട്ടിക്കടവ് ഭാഗത്ത് 168 മീറ്ററും, ചാത്തമംഗലം ഭാഗത്ത് 190 മീറ്ററും നീളത്തിൽ അനുബന്ധ റോഡും നിർമിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe