സുരേഷ് ഗോപിയെ ഇറക്കിവിട്ടതിനെ ന്യായീകരിച്ച് ജി. സുകുമാരൻ നായർ; ‘ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് വന്നത് ശരിയായില്ല’

news image
Feb 24, 2024, 1:57 pm GMT+0000 payyolionline.in

കോട്ടയം: 2015ൽ നടൻ സുരേഷ് ഗോപിയെ എൻ.എസ്.എസ് ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ടതിനെ ന്യായീകരിച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ചില ലക്ഷ്യങ്ങളോടെയാണ് സന്ദർശനം നടത്തിയത്. യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം എൻ.എസ്.എസിനോട് ഉണ്ടെന്ന് കാണിക്കുകയായിരുന്നു. തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് ബി.ജെ.പി മാപ്പ് പറയിപ്പിച്ചതാണെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.

2015ൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ബജറ്റ് അവതരണവേളയിലാണ് സുരേഷ് ഗോപിയെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇറക്കിവിട്ടത്. ബജറ്റ് അവതരിപ്പിക്കുന്ന പ്രതിനിധി സഭ ഹാളില്‍ അനുമതി കൂടാതെ കയറാന്‍ ശ്രമിച്ച സുരേഷ് ഗോപിയോട് പുറത്തു പോകാന്‍ സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു.

മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബജറ്റ് സമ്മേളനത്തിലെ ഇടവേള കഴിഞ്ഞാണ് സുരേഷ് ഗോപി ഹാളിലെത്തിയത്. സമ്മേളന ഹാളിൽ പ്രവേശിച്ച സുരേഷ് ഗോപി ജനറല്‍ സെക്രട്ടറിയുടെ ഇരിപ്പിടത്തിന് അരികിലെത്തി. ഇതോടെ സീറ്റിൽ നിന്ന് എഴുന്നേറ്റ സുകുമാരന്‍ നായര്‍ രൂക്ഷമായി പ്രതികരിച്ചു. ‘എന്തിനാണ് നിങ്ങള്‍ ഇവിടേക്ക് വന്നത്’ എന്ന് ചോദിച്ച ശേഷം ‘ഇതൊന്നും എനിക്കിഷ്ടമില്ല’ എന്ന് ഇംഗ്ലീഷില്‍ പ്രതികരിച്ചു.

ആള്‍ക്കൂട്ടത്തിനിടെ അപ്രതീക്ഷിതമായി അപമാനിതനായ സുരേഷ് ഗോപി മറുപടിയൊന്നും പറയാതെ സമ്മേളന ഹാളിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങി. തുടര്‍ന്ന്, സംഭവം പ്രതിനിധികളോട് വിവരിച്ച സുകുമാരന്‍ നായർ, ചെയ്തതില്‍ തെറ്റുണ്ടോയെന്ന് ആരായുകയും ചെയ്തു. കൈയടിയോടെയാണ് പ്രതിനിധികള്‍ ജനറല്‍ സെക്രട്ടറിയുടെ നടപടി അംഗീകരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe