സുരേഷ് ​ഗോപിക്ക് വോട്ട് അഭ്യർഥിച്ച് വിഡിയോ കൊടുക്കില്ല, തൃശൂരിൽ വോട്ടുചെയ്താൽ എന്നെ അറസ്റ്റ് ചെയ്യും -കലാമണ്ഡലം ഗോപി

news image
Mar 20, 2024, 9:33 am GMT+0000 payyolionline.in

തൃശൂർ: സുരേഷ് ​ഗോപിക്ക് വോട്ട് അഭ്യർഥിച്ചുള്ള വിഡിയോ കൊടുക്കി​ല്ലെന്നും ​കൊടുത്തിട്ട് കാര്യമി​ല്ലെന്നും അദ്ദേഹവുമായി വളരെ അടുപ്പമുണ്ടെങ്കിലും രാഷ്ട്രീയമായി ഒരുവാക്കും പറയില്ലെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പത്മഭൂഷൺ വേണ​മെങ്കിൽ സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന് ആവശ്യ​പ്പെട്ട് ഒരു ​ഡോക്ടർ വിളിച്ചിരുന്നു​വെന്നും അത് കേട്ട് മകന് മനോവിഷമം ഉണ്ടായെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ‘ത​ന്റെ വോട്ട് തൃശൂരല്ല, ആലത്തൂരിലാണ്. തൃശൂരിൽ വോട്ട് ചെയ്താൽ തന്നെ അറസ്റ്റ് ചെയ്യില്ലേ? ഞാൻ രാഷ്ട്രീയക്കാരനല്ല. എനിക്ക് രാഷ്ട്രീയം അറിയില്ല. സുരേഷ് ഗോപിയ​ുടെ കൂടെ നടക്കുന്നവരായിരിക്കും കുത്തിത്തിരിപ്പുണ്ടാക്കുന്നത്. സുരേഷ്ഗോപി ഇവ​ിടെ വരേണ്ട എന്ന് എന്റെ നാവുകൊണ്ട് ഇതുവരെ പറഞ്ഞിട്ടില്ല. ഞാനും സുരേഷ്ഗോപിയും തമ്മിൽ വർഷങ്ങളുടെ ബന്ധമുണ്ട്. മകളുടെ കല്യാണത്തിന് ക്ഷണിച്ചിരുന്നു. കാല് വേദനയായായതിനാൽ പോകാൻ കഴിഞ്ഞില്ല. എന്നെകാണാൻ സുരേഷ് ഗോപിക്ക് എന്നും വരാം’ -അദ്ദേഹം പറഞ്ഞു.

‘എന്നെ ഡോക്ടർ ഫോൺ വിളിച്ചിട്ട് ‘ആശാന് പത്മഭൂഷൺ കിട്ടണ്ടേ, സുരേഷ് ഗോപി വന്നാൽ അനുഗ്രഹിക്കണം’ എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ എന്റെ മകൻ രഘുരാജിന് കടുത്ത വിഷമമായി. അവൻ ഫോൺ വാങ്ങി ഡോക്ടറോട് സംസാരിച്ചു. അതിന് ശേഷമാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അത് വിവാദമായതോടെ പിൻവലിക്കാൻ ഞാൻ പറഞ്ഞു. അവൻ പിൻവലിച്ചു.

പത്മ അവാർഡ് വാങ്ങിത്തരാൻ ശ്രമിക്കുമോ എന്ന് മുമ്പ് ഞാൻ സുരേഷ്ഗോപിയോട് ചോദിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു മറുപടി. പിന്നെ അതേക്കുറിച്ച് ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. ആശാനെ കാണാൻ ​പോകുമെന്നും മുണ്ട് പുതപ്പിക്കുമെന്നും ആശാൻ അത് സ്വീകരിച്ചില്ലെങ്കിൽ ഗുരുവായൂരപ്പന് നൽകുമെന്നും സുരേഷ്ഗോപി പറഞ്ഞത് കേട്ടു. ഇത് കേട്ടപ്പോൾ എനിക്ക് വിഷമമായി. ഇത് പറയും മുമ്പ് എന്നെ ഒന്ന് വിളിക്കാമായിരുന്നു. ഞാൻ എന്തായാലും മുണ്ട് സ്വീകരിക്കും. അദ്ദേഹത്തെ കൊണ്ട് ആരോ പറയിപ്പിച്ചതാണിത്’ -ഗോപിയാശാൻ പറഞ്ഞു.

സുരേഷ് ഗോപിയും താനും വളരെ കാലമായി സ്നേഹബന്ധം പുലർത്തി പോന്നവരാണെന്നും സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു​െവന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. അതുപോലെ തന്നെ സ്നേഹിക്കുന്നവർക്ക് തന്നെ കാണാൻ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി പോസ്റ്റിൽ വ്യക്തമാക്കി. കലാമണ്ഡലം ഗോപിയുടെ പേരിലുള്ള പോസ്റ്റ് പിന്നീട് ഫേസ്ബുക്ക് പേജിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe