കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് നടനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തത്. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിരുന്നു.
കാര്‍ ബൈക്കുമായികൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര് ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മടങ്ങി. അപകടത്തില്‍ പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.