മുംബൈ: ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിനെതിരെ ബി ജെ പി. വധഭീഷണി കോൾ കെട്ടിച്ചമച്ച് സുരക്ഷ കൂട്ടാൻ സഞ്ജയ് റാവത്ത് ശ്രമിച്ചെന്നാണ് ബി ജെ പിയുടെ ആരോപണം. സഞ്ജയ് റാവത്തും അദ്ദേഹത്തിന്റെ സഹോദരനും എം എൽ എയുമായ സുനിൽ റാവുത്തും ചേർന്ന് വധഭീഷണി കോൾ സൃഷ്ടിച്ചു എന്നാണ് ബി ജെ പി നേതാവ് നിതേഷ് റാണയുടെ ആരോപണം. സഞ്ജയ് റാവത്തിനും സുനിൽ റാവത്തിനും എതിരായ വധഭീഷണി കേസിൽ അറസ്റ്റിലായവർക്ക് ഇവരുമായുള്ള ബന്ധം ചൂണ്ടികാട്ടിയാണ് ബി ജെ പി നേതാവ് ആരോപണവുമായി രംഗത്തെത്തിയത്.
കേസിൽ മുംബൈ പൊലീസ് 2 പേരെയാണ് അറസ്റ്റ് ചെയ്ത്. മയൂർ ഷിൻഡെ, അസ്ഹർ മുഹമ്മദ് ഷെയ്ഖ് എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജയ് റാവത്തിന്റെ സഹോദരൻ സുനിലിന്റെ കൂട്ടാളിയാണ് മയൂർ ഷിൻഡെയെന്നാണ് ബി ജെ പി എം എൽ എ നിതേഷ് റാണെ ആരോപിച്ചത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ അപകീർത്തിപ്പെടുത്താനും, തന്റെ സുരക്ഷ വർധിപ്പിക്കാനുമാണ് സഞ്ജയ് റാവത്ത് ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചതെന്നാണ് റാണെ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്യണമെന്ന് ബി ജെ പി എം എൽ സി പ്രസാദ് ലാഡും ആവശ്യപ്പെട്ടു. വധഭീഷണി കേസിലെ പ്രതിയായ മയൂർ ഷിൻഡെയെ സഞ്ജയ് റാവത്ത് പിന്തുണയ്ക്കുന്നു എന്നും അത് എന്തിനാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച സഞ്ജയ് റാവത്ത്, പൊലീസ് അറസ്റ്റ് ചെയ്ത മയൂർ ഷിൻഡെക്ക് തന്റെ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് പ്രതികരിച്ചത്. മയൂർ ഷിൻഡെക്ക് ഒന്നുകിൽ ബി ജെ പിയുമായോ അല്ലെങ്കിൽ ശിവസേന ഷിൻഡെ വിഭാഗവുമായോ ആകും ബന്ധമുള്ളതെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുകയാണെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.