സുരക്ഷിതമല്ല,വേണ്ടത്ര സൗകര്യമില്ല,പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല

news image
Apr 3, 2024, 9:57 am GMT+0000 payyolionline.in

തൃശ്ശൂര്‍:പാവറട്ടി സെന്‍റ്  ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ പള്ളിയും അനുബന്ധകെട്ടിടങ്ങളും വീടുകളും സ്‌കൂളുകളും നഴ്‌സിങ് സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ നിരാക്ഷേപ പത്രം അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ലാത്ത സ്ഥലത്ത് ജനങ്ങള്‍ തിക്കും തിരക്കും കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.

പെസോ നിയമാനുസൃത അംഗീകാരമുള്ള മാഗസിന്‍ (വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കാനുള്ള സ്ഥാലം) അപേക്ഷകര്‍ക്ക് ഇല്ല. കൂടാതെ ഓണ്‍സെറ്റ് എമര്‍ജന്‍സി പ്ലാനും ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആയതിനാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എഡി.എം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe