സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ്: അവസാന കടമ്പയും കടന്നെന്ന് പി രാജീവ്

news image
Mar 23, 2024, 11:40 am GMT+0000 payyolionline.in

കൊച്ചി: സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിർമാണത്തിനായി ആവശ്യമുള്ള എച്ച്.എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആര്‍.ബി.ഡി.സി.കെക്ക് വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ അവസാന കടമ്പയും നീങ്ങിയെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എച്ച്.എം.ടിയുടേയും എന്‍.എ.ഡിയുടേയും ഭൂമിപ്രശ്‌നമെന്നും മന്ത്രി പറഞ്ഞു.

റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാല്‍കൃത ബാങ്കില്‍ കെട്ടിവെക്കുന്നതിന് സുപ്രീംകോടതി അനുമതി തേടാന്‍ തിരുവനന്തപുരത്ത് രണ്ടാഴ്ച മുന്‍പ് ചേര്‍ന്ന ഉന്നത മന്ത്രിതല യോഗം തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ്: അവസാന കടമ്പയും കടന്നെന്ന് പി രാജീവ്

”എച്ച്.എം.ടിയില്‍ നിന്ന് റോഡ് നിര്‍മ്മാണത്തിനായി 1.632 ഹെക്ടര്‍ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. ഈ ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ എച്ച്.എം.ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഇടക്കാല ഉത്തരവ്. 2014ലെ അടിസ്ഥാന വിലനിര്‍ണയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുകയാണ് കെട്ടിവെക്കേണ്ടത്. 2024ലെ വിലയടിസ്ഥാനമാക്കി തുക നിശ്ചയിക്കണമെന്ന എച്ച്.എം.ടിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി രജിസ്ട്രാറുടെ പേരില്‍ തുക കെട്ടിവെക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.”

”സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി എന്‍.എ.ഡിയില്‍ നിന്ന് വിട്ടു കിട്ടേണ്ട 2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച് കഴിഞ്ഞയാഴ്ച രാഷ്ട്രപതിയുടെ ഉത്തരവും ഇറങ്ങിയിരുന്നു. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ലഭ്യമാക്കിയതിന് പകരമായി എന്‍.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി – എന്‍.എ.ഡി റോഡ് 5.5 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മ്മിക്കാനാണ് ധാരണ. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി എന്‍.എ.ഡി – മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാന്‍ കഴിഞ്ഞ കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാന്‍ അവശേഷിക്കുന്ന ഭാരത് മാത കോളേജ് – കളക്ടറേറ്റ് റീച്ചും ഇന്‍ഫോപാര്‍ക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.”

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe