ന്യൂഡൽഹി: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. മേയ് എട്ടിന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ അധികൃതർ നൽകുന്ന വിവരം. പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സി.ബി.എസ്.ഇ അധികൃതർ പ്രത്യേകം യോഗം വിളിച്ചുചേർക്കും. യോഗത്തിലാണ് പരീക്ഷ തീയതിയെ കുറിച്ച് തീരുമാനമാവുക. ഇതുവരെ അത്തരത്തിലൊരു യോഗം ചേർന്നിട്ടില്ല.
പരീക്ഷഫലം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർഥികൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.
ഇത്തവണ 44 ലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ എഴുതിയത്. 10ാം ക്ലാസിൽ മാത്രം 24.12 ലക്ഷം വിദ്യാർഥി പരീക്ഷയെഴുതി. 12ൽ 17.88 ലക്ഷം വിദ്യാർഥികളും.
2025 ഫെബ്രുവരി 15നും മാർച്ച് 18നുമിടയിലാണ് സി.ബി.എസ്.ഇ 10ാം ക്ലാസ് ബോർഡ് പരീക്ഷ നടന്നത്. ഫെബ്രുവരി 15നും ഏപ്രിൽ നാലിനുമിടയിലായി 12ാം ക്ലാസ് ബോർഡ് പരീക്ഷയും നടന്നു. കഴിഞ്ഞ തവണ 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 93.60 ശതമാനമായിരുന്നു വിജയം. 12ൽ 87.98ഉം.
പരീക്ഷാഫലം സംബന്ധിച്ച വിവരങ്ങൾക്ക്
results.cbse.nic.in, cbseresults.nic.in, cbse.gov.in, results.digilocker.gov.in
എന്നീ വെബ്സൈറ്റുകൾ പരിശോധിക്കാം.