സി.ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി നിർമല സീതാരാമന് കത്തയച്ചു

news image
Feb 2, 2026, 5:17 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി നിര്‍മല സീതരാമന് കത്തയച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

ആദായനികുതി റെയ്ഡിനിടെ തോക്കെടുത്ത് സ്വയം വെടിവെക്കാന്‍ ഇടയായത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും സി ജെ റോയിയുടെ മരണം തീരാ കളങ്കമായി മാറിയെന്നും മുഖ്യമന്ത്രി കത്തില്‍ കുറിച്ചു.

കുടുംബത്തിന്റെ ആരോപണങ്ങളും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിക്കുന്നു. കുടംബത്തിന്റെ പരാതി സഹാനുഭൂതിയോടെ കാണണമെന്നും ജനാധിപത്യസമൂഹത്തിന് ന്യായീകരിക്കാനാകാത്ത മരണമാണെന്നും മുഖ്യമന്ത്രി പറയുന്നു.

റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ കാണണം. ചോദ്യം ചെയ്യുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സി.ജെ റോയിയെ മുകളിലേക്ക് പോകാന്‍ അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്നതുള്‍പ്പടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെയ്ഡ് നടത്തുന്നതിനായി ചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

നിലവില്‍ സി.ജെ റോയിയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത് പ്രത്യേക അന്വേഷണ സംഘമാണ്. ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തില്‍ ബംഗളൂരു സൗത്ത് ഡിവിഷന്‍ ഡി.സി.പി ലോകേഷ്, അക്ഷയ് ഹക്കായ്, സുധീര്‍ രാമചന്ദ്രന്‍, രവി കെ.ബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സി.ജെ. റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നുമാണ് കുറിപ്പിലുള്ളത്. പണം നൽകാനുള്ളവരുടെ വിവരങ്ങളുമുണ്ട്. കമ്പനിയുടെ കൂടെയുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും ഒൻപത് പേജുകളിലായി എഴുതിയ കുറിപ്പിലുണ്ട്.

റോയിയുടെ കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

റോയി മരിക്കുന്ന സമയത്ത് ഓഫീസിൽ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നാണ് സി ജെ റോയി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe