ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹരജികളിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
സി.എ.എയെ ചോദ്യംചെയ്തുകൊണ്ട് 200-ലധികം ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, കേരള സർക്കാർ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര, ജയ്റാം രമേശ്, അസദുദ്ദീൻ ഉവൈസി, മുസ്ലീം സംഘടനകള്‍ ഉൾപ്പെടെ വിവിധ സംഘടനകൾ തുടങ്ങിയവരാണ് ഹരജിക്കാർ.