തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
- ഒരു മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ വാക്‌സിനേഷന്‍ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്‌സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം.
- ആ സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ മേല്‍നോട്ടം വഹിക്കണം.
- പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ വാക്‌സിനേഷനായി നിയോഗിക്കാവൂ.
- പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ നിന്ന് വാക്‌സിന്‍ പുറത്തെടുത്ത് കാരിയറില്‍ വയ്ക്കുമ്പോള്‍ വാക്സിന്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണ തീയതി, വിവിഎം, വാക്‌സിന്‍ വയല്‍ എന്നിവ പരിശോധിക്കണം.
- വാക്‌സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്‌സിനും പരിശോധിച്ചുറപ്പിക്കണം.
- കുത്തിവയ്പ്പിന് മുമ്പും വാക്സിന്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണപ്പെടുന്ന തീയതി, വിവിഎം എന്നിവ ഉറപ്പാക്കണം.
- വാക്‌സിനേഷന്‍ എടുത്ത എല്ലാ കുട്ടികളും ഗര്‍ഭിണികളും വാക്‌സിനേഷന്‍ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തില്‍ കഴിയണം.
- സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പാലിക്കണം.
- അഴുക്ക് പുരണ്ട ചര്‍മ്മമാണെങ്കില്‍ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.
- മുറിവുള്ള ചര്‍മ്മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.
- കുത്തിവയ്പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.
- വാക്‌സിനേഷനായി സിറിഞ്ചുകള്‍ മുന്‍കൂട്ടി നിറച്ച് വയ്ക്കരുത്.
- വാക്‌സിനേഷന്‍ സെഷനില്‍ അണുബാധ നിയന്ത്രണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.
- വാക്‌സിന് ശേഷം എഇഎഫ്‌ഐകേസുണ്ടായാല്‍ മെഡിക്കല്‍ ഓഫീസര്‍ മുഖേന ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
- ഈ കേസുകള്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ തുടര്‍ നിരീക്ഷണം നടത്തണം. സിവിയര്‍, സീരിയസ് കേസുകള്‍ ജില്ലാതല എഇഎഫ്‌ഐ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
- ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്‌സിനേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.