തിരുവനന്തപുരം ∙ സിബിഎസ്ഇ സ്കൂളുകളിലെ ഒരു ഡിവിഷനിൽ പരമാവധി കുട്ടികളുടെ എണ്ണം വീണ്ടും 40 ആയി പരിമിതപ്പെടുത്തി. 10,12 ക്ലാസുകളിൽ നേരിട്ടു പ്രവേശനം നേടുന്ന കുട്ടികളുണ്ടെങ്കിൽ ഇത് 45 വരെയാകാമെന്നും സ്കൂളുകൾക്കുള്ള സർക്കുലറിൽ സിബിഎസ്ഇ വ്യക്തമാക്കി. ഇതിലേറെ കുട്ടികളുണ്ടെങ്കിൽ പുതിയ ഡിവിഷൻ തുടങ്ങണം.
ഓരോ പുതിയ ഡിവിഷനും 75,000 രൂപ വീതം സ്കൂളുകൾ സിബിഎസ്ഇക്കു ഫീസായി നൽകുകയും വേണം.
2018 ലെ സിബിഎസ്ഇ അഫിലിയേഷൻ നിയമപ്രകാരം തന്നെ ക്ലാസിൽ കുട്ടികളുടെ എണ്ണം 40 ആയി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ, കോവിഡ് വന്ന് സ്കൂളുകൾ പ്രതിസന്ധിയിലായതോടെ ഇതു നടപ്പാക്കുന്നതിൽ ഇളവു നൽകി. തുടർന്ന് ഒരു ഡിവിഷനിൽ 65 കുട്ടികളെ വരെ പ്രവേശിപ്പിക്കുന്ന സാഹചര്യമായിരുന്നു.
എന്നാൽ, ഇപ്പോൾ സ്ഥിതി സാധാരണ നിലയിലായെന്നു ചൂണ്ടിക്കാട്ടിയാണ് 2018 ലെ നിയമം കർശനമായി നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്നത്.
അടുത്ത 3 വർഷത്തേക്കാണ് ഈ നിബന്ധന. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഈ നിയന്ത്രണമെന്നും ഒരു കുട്ടിക്ക് ഒരു ചതുരശ്ര മീറ്റർ എന്ന തോതിൽ ക്ലാസിൽ സ്ഥലം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.