സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയ്ക്ക് മുൻപ് പ്രാദേശിക നേതാക്കൾക്കെതിരെ വീഡിയോ

news image
Apr 7, 2026, 6:11 am GMT+0000 payyolionline.in

വൈക്കം: തലയാഴത്തെ സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുള്ളിൽ ഭിന്നശേഷിക്കാരനായ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശി ചെല്ലപ്പൻ പുളിക്കശ്ശേരിയെയാണ് ചൊവ്വാഴ്ച രാവിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് സിപിഐ പ്രാദേശിക നേതാക്കൾക്കും സർക്കാരിനുമെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ ചെല്ലപ്പൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

പ്രാദേശിക സിപിഐ നേതാക്കൾ തന്റെ കൃഷി വ്യാപകമായി നശിപ്പിച്ചെന്നും തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും വീഡിയോയിൽ ചെല്ലപ്പൻ ആരോപിക്കുന്നുണ്ട്. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനെ സമീപിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും ആഭ്യന്തര വകുപ്പിൽ വിശ്വാസമില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. നഴ്സറി നടത്തിപ്പുകാരനായ തനിക്ക് കുറഞ്ഞ നിരക്കിൽ തൈകൾ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് അദ്ദേഹം അധികൃതരെ സമീപിച്ചിരുന്നത്.

സംഭവത്തെത്തുടർന്ന് തലയാഴത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആർ.ഡി.ഒ നേരിട്ടെത്താതെ മൃതദേഹം നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഭിന്നശേഷിക്കാരനായ ഒരാൾക്ക് എങ്ങനെ തനിയെ തൂങ്ങിമരിക്കാൻ സാധിക്കുമെന്ന ചോദ്യമുയർത്തി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു.അതേസമയം, മരണത്തിൽ രാഷ്ട്രീയമില്ലെന്നും പ്രതിപക്ഷ പാർട്ടികൾ വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും സിപിഐ നേതൃത്വം ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe