കൊച്ചി: സ്വകാര്യ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അപമാനകരമായ പരാമർശം നടത്തിയ മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ഉത്തരവ്. തനിക്കെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2017 ൽ എറണാകുളത്ത് നടന്ന ചടങ്ങിൽ സ്വകാര്യ ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററായ സിന്ധു സൂര്യകുമാറിനെതിരെ അപമാനകരമായ പരാമർശം നടത്തിയതിനെതിരെയായിരുന്നു കേസ്.
സിന്ധു സൂര്യകുമാറിന്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മേജർ രവി ഹൈകോടതിയെ സമീപിച്ചത്. കേസ് പൂർണമായും റദ്ദാക്കണം എന്നായിരുന്നു മേജർ രവിയുടെ ആവശ്യം. ഇത് തള്ളിയാണ് വിചാരണ നേരിടാൻ മേജർ രവിയോട് കോടതി നിർദേശിച്ചത്. ഐപിസി 354, കേരള പോലീസ് ആക്ട് 120 ഒ- പ്രകാരമുള്ള കുറ്റങ്ങളിൽ മേജർ രവി വിചാരണ നേരിടണമെന്നാണ് കോടതിയുടെ നിർദേശം. ഉദ്യോഗസ്ഥനെന്ന നിലയിൽ മേജർ രവി അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
അതിനിടെ മേജർ രവിക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് ഇന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ധനകാര്യ സ്ഥാപനത്തെ പറ്റിച്ചെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിൻ്റെ പരാതി. മേജർ രവിയുടെ തണ്ടർഫോഴ്സ് സ്ഥാപനത്തിൻ്റെ സഹഉടമകളും കേസിൽ പ്രതികളാണ്. പരാതിയിൽ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനം നേരത്തെ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.