കോഴിക്കോട്: പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്. എമ്പുരാൻ സിനിമക്കെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ഗോകുലം ഗോപാലൻ.
തൽക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകും എന്നറിയില്ല. കാരണം ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ട്. ഒരു തിയറ്ററിൽ മാറ്റണമെങ്കിൽ അതിനു നല്ല ചെലവ് വരും, അപ്പൊ നാലായിരത്തിലധികം തിയറ്ററുകളിൽ ഓടുന്ന സിനിമയിൽ മാറ്റം വരുത്താൻ അത്രത്തോളം പണം മുടക്കേണ്ടി വരും. ഏകദേശം 40 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് തോന്നുന്നത്. പരമാവധി ചെയ്യാൻ പറ്റുന്നത് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. നമ്മൾ ഒരു സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലല്ലോ. സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണ് കാണുന്നതെന്നും ഗോപാലൻ പറയുന്നു.
ഞാൻ അവസാനമാണ് ഈ സിനിമയുമായി സഹകരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവരും തന്നെ ഇതുവരെയും ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാൻ നമുക്ക് ആർക്കും ആഗ്രഹമില്ല. ആർക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തിൽ സിനിമ കാണണം. സിനിമ സെൻസർ ചെയ്താണല്ലോ വന്നത്. അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണ്.
മോഹൻലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാൻ താൽപര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാൽ സേവനം എന്നാണ് ഞാൻ കാണുന്നത്. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാൻ കഴിയാതെ നിന്ന് പോകാൻ പാടില്ല എന്നതുകൊണ്ടാണ് ഞാൻ അതിൽ സഹകരിച്ചതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.