സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് രാജസേനന്‍ ബിജെപി വിട്ടത്: കെ സുരേന്ദ്രന്‍

news image
Jun 17, 2023, 8:44 am GMT+0000 payyolionline.in

തിരുവനന്തപുരം: ബിജെപിയുമായി സഹകരണം അവസാനിപ്പിച്ച സംവിധായകന്‍ രാജസേനന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജസേനൻ മികച്ച കലാകാരനാണ്. അദ്ദേഹം തിരികെ ബി ജെ പിയിൽ വരുമെന്നാണ് പ്രതീക്ഷയെന്നും, സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് അദ്ദേഹം ബിജെപിയിൽ നിന്നു പോയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.  അദ്ദേഹം പാർട്ടിക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ സേവനങ്ങളെ വിലമതിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. സിനിമാരംഗത്തുനിന്നുള്ള ബിജെപിയുടെ പ്രധാന മുഖമായിരുന്നു സംവിധായകന്‍ രാജസേനന്‍. പല വിവാദ വിഷയങ്ങളിലും ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനും അനുകൂലമായി നിലപാട് സ്വീകരിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. അങ്ങനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വരെയായി രാജസേനന്‍.

സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു രാജസേനന്‍. ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ഇപ്പോള്‍ രാജസേനന് മനംമാറ്റമുണ്ടായിരിക്കുകയാണ്. കേരളത്തിലെ ബിജെപി അത്രപോരെന്ന് അഭിപ്രായപ്പെട്ട് രാജസേനന്‍ സിപിഎമ്മിലെത്തിയത്.

സിപിഎമ്മിന്‍റെ കേരളത്തിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജസേനന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചത്. ഉടന്‍ തന്നെ സിപിഎം പ്രവേശനമുണ്ടാകും. ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാർട്ടി വിടുന്നത്. കൂടെയുണ്ടായിരുന്ന പലര്‍ക്കും സ്ഥാനമാനങ്ങള്‍ കിട്ടിയപ്പോഴും അവഗണിക്കപ്പെട്ടെന്നാണ് രാജസേനന്‍റെ ആരോപണം.

കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും രാജസേനന്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമെടുത്തെന്ന് രാജസേനൻ പ്രതികരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe