‘സിനിമാ മേഖലയിലെ മരണവാർത്തകൾ ഇനി വിശ്വസിക്കാൻ മടിക്കും: പൂനത്തിനെതിരെ കേസെടുക്കണം’

news image
Feb 3, 2024, 3:48 pm GMT+0000 payyolionline.in

മുംബൈ∙ വ്യാജ മരണവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം. ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) ആണ് പരാതിയുമായി രംഗത്തെത്തിയത്. സെർവിക്കൽ കാൻസർ ബാധിച്ച് പൂനം വ്യാഴാഴ്ച രാത്രി മരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെങ്കിലും, ഇതു തെറ്റാണെന്നു പറഞ്ഞ് പിന്നീട് നടി തന്നെ രംഗത്തെത്തി. ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി താൻ തന്നെ പുറത്തുവിട്ട വാർത്തയായിരുന്നു അതെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെയാണ് അറിയിച്ചത്. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.

തുടർന്ന് പൂനം പാണ്ഡെയ്ക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പൂനം പാണ്ഡെ നടത്തിയത് വെറും പിആർ സ്റ്റണ്ട് ആണെന്നും ഇതു തികച്ചും തെറ്റാണെന്നും എഐസിഡബ്ല്യുഎ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്വന്തം പ്രമോഷനായി സെർവിക്കൽ കാൻസർ പോലുള്ള ഗുരുതര രോഗങ്ങളെ കൂട്ടുപിടിക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.

‘‘ഈ വാർത്തയോടെ, ഇന്ത്യൻ സിനിമാ മേഖലയിലെ ഏതു മരണവാർത്തയും വിശ്വസിക്കാൻ ആളുകൾ മടിക്കും. സിനിമാ മേഖലയിൽ ആരും പിആറിനു വേണ്ടി ഈ നിലവാരത്തിലേക്കു താഴില്ല. പൂനം പാണ്ഡെയുടെ മാനേജരാണ് വ്യാജ വാർത്ത പുറത്തുവിട്ടത്. അതിനാൽ പൂനം പാണ്ഡെയ്‌ക്കും മാനേജർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്യണം. സ്വന്തം മരണവാർത്ത വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നത് തടയണം.’’– എഐസിഡബ്ല്യുഎ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പൂനം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചു. 2013 ൽ ‘നഷ’ എന്ന ഹിന്ദിച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ പൂനം പാണ്ഡെ 2020 ൽ സാം ബോബെ എന്ന വ്യവസായിയെ വിവാഹം ചെയ്തു. ലൈംഗിക പീഡനം ആരോപിച്ച് ഇയാൾക്കെതിരെ മുംബൈ പൊലീസിൽ പിന്നീടു പരാതി നൽകുകയും 2021ൽ വിവാഹമോചനം നേടുകയും ചെയ്തു. 2011 ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe