പാലക്കാട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി 13 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പാലക്കാട് ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ഇരട്ട ജീവപര്യന്തവും 1.250 ലക്ഷം രൂപ പിഴയും വിധിച്ചു.
ഒന്നാം പ്രതി കോഴിക്കോട് പൂളക്കോട് വിനോദ് കുമാറിനെയാണ് (52) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 15 മാസം അധിക കഠിനതടവനുഭവിക്കണം. പിഴത്തുക ബാലികക്ക് നൽകാനും ഉത്തരവിലുണ്ട്. രണ്ടാംപ്രതി അജിതയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി. ലെയ്സൻ ഓഫിസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. ഒന്നാം പ്രതി ജാമ്യമില്ലാതെ തടവിൽ കഴിയവെയാണ് വിചാരണ പൂർത്തിയാക്കിയത്.