കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ സ്വദേശി മേച്ചേരി വീട്ടിൽ സിദ്ദീഖിനെ (58) കൊലപ്പെടുത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ‘ഡി കാസ ഇന്‍’ തുറന്നത് കോര്‍പറേഷന്‍ അറിഞ്ഞില്ലെന്ന് കോഴിക്കോട് മേയര്‍. നേരത്തെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന്റെ പേരിൽ കോർപറേഷൻ പൂട്ടിച്ച ഹോട്ടൽ മാസങ്ങൾക്കുമുമ്പാണ് അനധികൃതമായി തുറന്നത്. മലിന ജലം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ പരാതിയുണ്ടായിരുന്നു. തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അഗ്നിശമന സേനയുടെയോ അനുമതിയില്ലെന്ന് കണ്ടെത്തിയാണ് കോർപറേഷൻ ഹോട്ടൽ പൂട്ടിച്ചത്. മാസങ്ങൾക്ക് മുമ്പാണ് പുതിയ നടത്തിപ്പുകാരെത്തി വീണ്ടും ഹോട്ടൽ തുറന്നത്.
സിദ്ദീഖിന്റെ കൊലപാതകത്തിന്റ പശ്ചാത്തലത്തിൽ ഹോട്ടലുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. മതിയായ രേഖകളില്ലാത്തതിനാൽ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഇവർക്കു വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്.
അതിനിടെ കേസിലെ മുഖ്യ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട സിദ്ദീഖിന്റെ ഫോൺ തെളിവെടുപ്പിനിടെ കണ്ടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ സി.ഐ എം.ജെ. ജിജോയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.കെ. ലെനിൻ ദാസ് അഞ്ച് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ നൽകിയത്.
കൊലപാതകം നടന്ന കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലത്തെ ഡികാസ ലോഡ്ജ്, പ്രതികൾ ട്രോളിബാഗുകൾ വാങ്ങിയ മാനാഞ്ചിറയിലെ കട, ഇലക്ട്രിക് കട്ടർ വാങ്ങിയ കട തുടങ്ങി വിവിധ ഇടങ്ങളിലായി പ്രതികളെ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ പ്രതികൾ പണം പിൻവലിച്ച എ.ടി.എം കൗണ്ടറുകളുൾപ്പടെയുള്ള ഇടങ്ങളിലും തെളിവെടുപ്പ് നടത്തും. പ്രതികൾ ഉപേക്ഷിച്ച സാമഗ്രികൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ആഷിഖിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല. ഷിബിലി തിരൂർ സബ് ജയിലിലും ഫർഹാന മഞ്ചേരി ജയിലിലുമാണുണ്ടായിരുന്നത്. ആഷിഖ് തിരൂർ സബ് ജയിലിലാണുള്ളത്. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു, തിരൂർ സി.ഐ എം.ജെ. ജിജോ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
പ്രതികൾക്ക് വേണ്ടി അഡ്വ. ബി.എ. ആളൂർ തിരൂർ കോടതിയിൽ ഹാജരായി. ഫർഹാനയുടെ മാതാപിതാക്കളുടെ വക്കാലത്ത് പ്രകാരമാണ് ഫർഹാനക്കും ഷിബിലിക്കും വേണ്ടി കേസിൽ ഹാജരാകുന്നതെന്ന് ബി.ആർ. ആളൂർ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്താൻ പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ വാദത്തെ മജിസ്ട്രേറ്റ് അംഗീകരിച്ചില്ല. തിരൂർ പൊലീസിന് കേസ് അന്വേഷിക്കാൻ അധികാരമില്ലെന്നും തിരൂർ കോടതിക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ട് കൊടുക്കാനുള്ള അവകാശമില്ലെന്നും ഇതിനെതിരെ ഹൈകോടതിയിൽ ഹരജി സമർപ്പിക്കുമെന്നും ആളൂർ പറഞ്ഞു.
പ്രതികളെ ഇന്നലെ ചെറുതുരുത്തി താഴപ്രയിലെ തെക്കേക്കുന്നിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. സിദ്ദീഖിന്റെ ഹോണ്ട സിറ്റി കാർ പ്രതികൾ ഉപേക്ഷിച്ചത് താഴപ്ര ശിവക്ഷേത്രത്തിന് സമീപത്തെ വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ്. തിങ്കളാഴ്ച വൈകീട്ട് 6.40ഓടെയാണ് ഷിബിലിയുമായി പൊലീസ് സംഘം എത്തിയത്. മറ്റുള്ളവരെ ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിയ ശേഷമാണ് കാറുമായി താഴപ്രയിൽ എത്തിയതെന്ന് ഷിബിലി പറഞ്ഞു. അടുത്തറിയാവുന്ന പ്രദേശമായതിനാലും വനമേഖലയോട് ചേർന്ന ഭാഗമായതിനാലും ആരുടേയും ശ്രദ്ധയിൽ പെടാതെ കാർ ഉപേക്ഷിക്കാൻ കഴിഞ്ഞു.
സമീപത്തെ ഉപയോഗശൂന്യമായ കിണറിൽ ഉപേക്ഷിച്ച സിദ്ദീഖിന്റെ എ.ടി.എം കാർഡ്, ചെക്ക് ബുക്ക്, കാറിലുണ്ടായിരുന്ന തോർത്ത് എന്നിവ കണ്ടെടുത്തു. കാർ ഉപേക്ഷിച്ച ശേഷം റെയിൽ പാളത്തിലൂടെ നടന്ന് സംസ്ഥാന പാതയിലെത്തി ബസ് മാർഗമാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തിയതെന്നും പ്രതി ഷിബിലി വിശദീകരിച്ചു. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ മണികണ്ഠൻ, സയന്റിഫിക് ഓഫിസർ ഡോ. വി. മിനി എന്നിവരോടൊപ്പം ചെറുതുരുത്തി എസ്.ഐ കെ.എ. ഫക്രുദ്ദീനും തെളിവെടുപ്പിന് നേതൃത്വം നൽകി. ഷിബിലിനെ കൊണ്ട് വരുന്നതറിഞ്ഞ് നൂറുകണക്കിനാളുകൾ പ്രദേശത്ത് തടിച്ചു കൂടി. കനത്ത പൊലിസ് സുരക്ഷയും ഒരുക്കിയിരുന്നു.
ഷിബിലി താഴപ്രയിൽ പതിവ് സന്ദർശകനെന്ന് നാട്ടുകാർ
ചെറുതുരുത്തി: സിദ്ദീഖ് കൊലപാതക കേസിലെ മുഖ്യ പ്രതി ഷിബിലി ചെറുതുരുത്തി താഴപ്രയിൽ പതിവ് സന്ദർശകനെന്ന് നാട്ടുകാർ. കാർ ഉപേക്ഷിച്ചതിന് തൊട്ടടുത്ത വീട്ടിൽ നിരവധി തവണ എത്തുകയും അന്തിയുറങ്ങുകയും ചെയ്തിരുന്നതായും നാട്ടുകാർ പറയുന്നു. നാട്ടുകാരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടുടമസ്ഥയിൽനിന്ന് പൊലിസ് സംഘം വിവരങ്ങൾ മനസ്സിലാക്കി. പ്രദേശത്ത് നടന്ന നിരവധി മോഷണങ്ങളിൽ ഷിബിലിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ പറഞ്ഞു.