വടകര ∙ വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ ശുചിമുറി അടച്ചിട്ട് ഒരു മാസമായി. കേന്ദ്രത്തിൽ നടക്കുന്ന പ്രവൃത്തിയുടെ പേരിൽ സഞ്ചാരികൾക്കുള്ള 6 ശുചിമുറികളും പൂട്ടി. പെരുന്നാൾ ദിവസം അംഗപരിമിതർക്കുള്ള ശുചിമുറി മാത്രം തുറന്നു കൊടുത്തിരുന്നു. പിന്നീട് അതും ഇല്ലാതായി. മറ്റു മാർഗം ഇല്ലാത്തതു കൊണ്ട് സമീപത്തെ വീടുകളെ ആശ്രയിക്കുകയാണു ജനം.
നേരത്തേ തീരദേശ പൊലീസ് സ്റ്റേഷനിലെ ശുചിമുറി അത്യാവശ്യക്കാർക്കു നൽകിയിരുന്നു. എന്നാൽ, ഒട്ടേറെപ്പേർ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഇത് നിർത്തിയതായി വാർഡ് കൗൺസിലർ പി.വി.ഹാഷിം പറഞ്ഞു. അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തിൽ ഒരു ശുചിമുറി എങ്കിലും ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.