ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമർശം നിഷേധിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. സാബുവിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആർ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ ഉന്നയിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സജി അനുഭവിച്ചോളും എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. വന്യജീവി ആക്രമണ വിഷയത്തിൽ, വനംവകുപ്പിനെതിരെ ജനം സംഘടിതമായി നീങ്ങണമെന്ന് എംഎം മണി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തുമാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.