സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

news image
Sep 3, 2025, 4:32 am GMT+0000 payyolionline.in

ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി. ഈ ദീപാവലിക്കാലം രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസത്തിന്റേത് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആണ്. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതി ഘടന അടിമുടി പൊളിച്ച് 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്കരണം ആണ് ഉണ്ടാകാൻ പോകുന്നത്. ഇതിനായുളള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരുന്നുണ്ട്.

എന്താണ് ഈ യോഗത്തിൽ പ്രതീക്ഷിക്കുന്നത്?

1. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കുന്ന ശുപാർശകൾ യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

2. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ വൈകീട്ട് വാർത്താ സമ്മേളനം നടത്തി യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ആണ് സാധ്യത.

3. ദീപാവലി വിപണിയിൽ തന്നെ വിലക്കുറവ് ഉണ്ടാകണം എന്നതിനാൽ ഈ മാസം തന്നെ പുതിയ നികുതി സ്ലാബുകൾ പ്രാബല്യത്തിൽ വരുത്തും.

4. 5 ശതമാനം, 12%, 18%, 28% എന്നിങ്ങനെയുള്ള ഇപ്പോഴത്തെ നാല് നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടാക്കി കുറയ്ക്കും.

5. സാധാരണക്കാർ ഉപയോഗിക്കുന്ന മിക്ക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി കുറയും. വലിയ തോതിൽ വില കുറയും.

6. ഇപ്പോൾ 12% നികുതി ബാധകമാകുന്ന നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയ്ക്ക് എല്ലാം 5 ശതമാനം നികുതി ആകും.

7. 28% നികുതി ബാധകമായ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും. ചെറു കാറുകൾക്ക് അടക്കം ഒരു ലക്ഷം വരെ വില കുറയും.

8. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നികുതി ഒഴിവായേക്കും. പ്രീമിയം തുകയിൽ വലിയ കുറവ് വരും.

എന്നാൽ ഇതിനൊപ്പം ചില ആശങ്കകളും ഉയരുന്നുണ്ട്. കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന കേരളവും ബംഗാളും കർണാടകയും തമിഴ്നാടുമുൾപ്പെടെ സംസ്ഥാനങ്ങൾ പരിഷ്കരണത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ നികുതി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വീണ്ടും കുറയും എന്നാണ് ആശങ്ക. ഇന്ന് പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിൽ സംസ്ഥാനത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. നോട്ട്‌ നിരോധനത്തിന്‌ തുല്യമായ നിലയിൽ, ഒരു അവധാനതയുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ളതാണ് ജിഎസ്‌ടി നിരക്ക്‌ പരിഷ്‌കരണ തീരുമാനം. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയ്‌ക്കും സർക്കാരിന്റെ വരുമാനത്തിനും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് മന്ത്രി കുറിച്ചു. ഏതായാലും ദീപാവലി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. പ്രീമിയത്തിന് നികുതി ഒഴിവായേക്കും. പ്രീമിയം തുകയിൽ വലിയ കുറവ് വരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe