തിരുവനന്തപുരം: നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) ഐടിഎംഎസ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാർ കാരണം റോഡ് ക്യാമറകൾ പിടികൂടുന്ന നിയമലംഘനങ്ങൾക്കു പിഴ ഈടാക്കാൻ ചലാൻ അയയ്ക്കുന്നതു മുടങ്ങി. ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ സെർവറിൽ ഉണ്ടായ തകരാർ ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. മോട്ടർവാഹന വകുപ്പ് വിഷയം എൻഐസിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ഇന്നലെ 28,891 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങൾ കെൽട്രോണിന്റെ സെർവറിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങൾ പിന്നീട് വിവിധ ജില്ലകളിലെ മോട്ടർ വാഹനവകുപ്പ് ഓഫിസുകളിലേക്ക് അയയ്ക്കും. ഉദ്യോഗസ്ഥർ പരിശോധിച്ച് അനുമതി നൽകിയശേഷം ചലാൻ രൂപീകരിക്കാനായി ഡൽഹിയിലെ സെർവറിലേക്ക് അയയ്ക്കും. എൻഐസി ചലാൻ റജിസ്റ്റർ ചെയ്ത് കെൽട്രോണിന്റെ സെർവറിലേക്ക് അയയ്ക്കും. കെൽട്രോൺ ജീവനക്കാരാണ് ചലാൻ തപാലിൽ അയയ്ക്കാനുള്ള ജോലികൾ ചെയ്യുന്നത്. സാങ്കേതിക തകരാർ പരിഹരിച്ചാൽ ചലാനുകൾ അയച്ചു തുടങ്ങും.
നിയമം ലംഘിക്കുന്നവരുടെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് അയയ്ക്കുന്ന പ്രവർത്തനവും സെർവറിലെ തകരാർ കാരണം ആരംഭിക്കാനായില്ല. ഫോണിലേക്ക് വരുന്ന സന്ദേശത്തിലെ ലിങ്ക് ഓപ്പൺ ചെയ്താൽ നിയമലംഘനത്തിന്റെ വിശദാംശം ലഭിക്കും. നിയമലംഘനത്തിന് ഇന്നലെ കൂടുതൽപേർ കുടുങ്ങിയത് കൊല്ലം ജില്ലയിലാണ്. 4776പേർ.