സാങ്കേതികത്വം പറഞ്ഞ് 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി; ഈ മാസം 20നുള്ളിൽ തീരുമാനമെടുക്കാൻ കളക്ടര്‍ക്ക് നിര്‍ദേശം

news image
Nov 17, 2025, 9:41 am GMT+0000 payyolionline.in

കൊച്ചി: തിരുവനന്തപുരം കോർ‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി. വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎം നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

സാങ്കേതികത്വത്തിന്‍റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്‍പ്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോര്‍പ്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും നാളെ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

കളക്ടര്‍ക്ക് അപ്പീൽ നൽകി വൈഷ്ണ സുരേഷ്

 

അന്തിമ വോട്ടർ പട്ടികയിലും സപ്ലിമെന്‍ററി  പട്ടികയിലും വൈഷ്ണയുടെ പേരില്ല. തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് കെ എസ് യു ജില്ല വൈസ് പ്രസിഡന്‍റായ വൈഷ്ണ. പേര് ഒഴിവാക്കിയതോടെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വവും തുലാസിലാണ്. വോട്ടർ പട്ടികയിൽ പേര് ചേർത്തപ്പോൾ അപേക്ഷിച്ച വീട്ട് നമ്പർ തെറ്റായി നൽകിയതാണ് വൈഷ്ണയ്ക്ക് തിരിച്ചടിയായത്. ഇതിനെതിരെ വൈഷ്ണ തിരുവനന്തപുരം ജില്ല കളക്ടർക്ക് പരാതി നൽകിയത്. ഈ പരാതി പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവിറക്കിയത്.സപ്ലിമെന്‍ററി വോട്ടര്‍ പട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായ വൈഷ്ണ സുരേഷ് ഇന്ന് രാവിലെ കളക്ടേറ്റിലെത്തി അപ്പീൽ നൽകിയിരുന്നു. സപ്ലിമെന്‍ററി ലിസ്റ്റിൽ പേരില്ലാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കോൺഗ്രസ് വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe