സാംപിൾ ശേഖരണത്തിൽ സുരക്ഷാവീഴ്ച; മൊബൈൽ ലാബിൽ പരിശോധനയില്ല

news image
Sep 19, 2023, 9:41 am GMT+0000 payyolionline.in

കോഴിക്കോട് ∙ നിപ്പ പരിശോധനയ്ക്കു തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) നിന്നെത്തിയ മൊബൈൽ ലാബിൽ ഇതുവരെ പരിശോധന ആരംഭിച്ചില്ല. പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ചു ലബോറട്ടറിയിൽ എത്തിക്കുന്നതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിലെ രീതിയിൽ സാംപിൾ കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവർത്തകരുടെ ജീവനു ഭീഷണിയാണെന്നും വിദഗ്ധർ പറയുന്നു.

രോഗലക്ഷണമുള്ളവരുടെ സ്രവങ്ങൾ, സെറിബ്രൊസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്), മൂത്രം, രക്തം തുടങ്ങിയവയുടെ സാംപിൾ ആണു പരിശോധനയ്ക്കായി ശേഖരിക്കുക. സാംപിൾ എടുത്താൽ അതേ അളവിൽ ലൈസിസ് റിഏജന്റും ചേർത്ത് ലാബിലേക്കു കൊണ്ടുപോകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം. വൈറസ് ഉള്ള സാംപിളിൽനിന്നു രോഗം ആളുകളിലേക്കു പടരുന്നത് ഇല്ലാതാക്കാനാണിത്.

ഇപ്പോൾ‌ പരിശോധനയ്ക്ക് എടുക്കുന്ന സാംപിളിൽ ഇത്തരത്തിൽ ലൈസിസ് റിഏജന്റ് ചേർക്കുന്നില്ല. രാജീവ് ഗാന്ധി സെന്റർ അധികൃതർ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പരിശോധനയ്ക്കു ശേഷം അവശേഷിക്കുന്ന സാംപിൾ നശിപ്പിക്കണമെന്നും ആർജിസിബി ചൂണ്ടിക്കാട്ടി. എന്നാൽ, മറ്റു പരിശോധനയ്ക്കായി സാംപിൾ വേണ്ടതിനാൽ ശേഷിക്കുന്നതു തിരികെ നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം. ഇത് അത്യധികം അപകടകരമാണെന്നും സാംപിൾ ശേഖരിക്കുന്ന സാധാരണ ആരോഗ്യപ്രവർത്തകരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണെന്നും ആർജിസിബി അധികൃതർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe