സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് നാടുവിട്ട മലയാളി യുവാവിനെ തിരികെയെത്തിച്ച് ജയിലിൽ അടച്ച് ബ്രിട്ടൻ; ഇന്ത്യ ബ്രിട്ടന് കൈമാറുന്ന ആദ്യ മലയാളി കുറ്റവാളി

news image
Dec 10, 2025, 10:02 am GMT+0000 payyolionline.in

ലണ്ടൻ: സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച് സ്കോട്ട്ലാൻഡിൽ നിന്നും നാടുവിട്ട് ഇന്ത്യയിലെത്തിയ മലയാളി നഴ്സിനെ തിരികെയെത്തിച്ച് ജയിലിലടച്ചു. സ്‌കോട്‌ലന്‍ഡിലെ ഹാമില്‍ട്ടണ്‍ നിവാസിയായ മലയാളി നൈജില്‍ പോളിനെ (47) ഏഴുവർഷവും ഒൻപതുമാസവും കഠിന തടവിനാണ് ശിക്ഷിച്ചത്.

ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് നൈജില്‍ പോള്‍.

കെയർ ഹോം മാനേജറായ നൈജില്‍ അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സ്കോട്ട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. കേസിൽ വിചാരണ തുടങ്ങും മുൻപാണ് മുങ്ങിയത്. എന്നാൽ, ഇന്റര്‍പോള്‍ നിർദേശ പ്രകാരം കൊച്ചിയിൽ വെച്ച് അറസ്റ്റിലായ നൈജിലിനെ ഡൽഹി കോടതയിൽ ഹാജരാക്കുകയായിരുന്നു. 2025 ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്.

ഇന്റർപോളിന്റെ സഹായത്തോടെയും നയതന്ത്ര ഇടപെടലിലൂടെയുമാണ് ഇയാളെ തിരികെ ബ്രിട്ടനിൽ എത്തിക്കാനായത്. ഗ്ലാസ്ഗോ കോടതിയിൽ നടന്ന വിചാരണയിൽ ഇയാൾ പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സമ്മതിച്ചു.

19ഉം 21ഉം 26 ഉം വയസായ യുവതികളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. രണ്ട് ലൈംഗികാതിക്രമ കേസുകളില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ഗ്ലാസ്‌ഗോ ഹൈക്കോടതി ശിക്ഷ വിധിച്ചത്.

ബ്രിട്ടന്റെ ആവശ്യപ്രകാരം കൊച്ചിയില്‍ നിന്നും ഡല്‍ഹി വഴി സ്‌കോട്‌ലന്‍ഡില്‍ എത്തിച്ച നൈജില്‍ ഇത്തരത്തില്‍ ഇന്ത്യ കൈമാറുന്ന ആദ്യ മലയാളിയാണ്. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ കഴിഞ്ഞ 33 വര്‍ഷമായി കുറ്റവാളികളെ കൈമാറുന്ന നിയമം ഒപ്പിട്ട ശേഷം ഇതുവരെ നാലു കുറ്റവാളികളെ മാത്രമാണ് ഇന്ത്യ കൈമാറിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe