കൊച്ചി: സഹപാഠികളുടെ നായ്ക്കുരണ പൊടി പ്രയോഗത്തിൽ ദുരിതത്തിലായി പത്താം ക്ലാസ് വിദ്യാർഥിനി. കാക്കനാട് തെങ്ങോട് ഗവ. സ്കൂളിലെ വിദ്യാർഥിനിയാണ് കടുത്ത ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ആഴ്ചകളായി ദുരിതജീവിതം നയിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ദിവസങ്ങളോളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഈ പെൺകുട്ടി. ഇതു ചെയ്ത വിദ്യാർഥിനികളുടെ പേരിൽ സ്കൂൾ അധികൃതരോ, പോലീസോ കൃത്യമായ നടപടി സ്വീകരിക്കാത്തത് പെൺകുട്ടിക്കും കുടുംബത്തിനും പ്രയാസം ഇരട്ടിയാക്കി.
ഇതേത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് പരാതിയുമായി സമീപിച്ചിരിക്കുകയാണ് കുട്ടിയുടെ അമ്മ. അധ്യാപകരും വിഷയം ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചതെന്നും പരാതിയുണ്ട്. മറ്റൊരു പെൺകുട്ടിക്കു നേരേ പ്രയോഗിക്കാൻ കൊണ്ടുവന്ന പൊടിയാണ് തന്റെ ദേഹത്ത് ഇട്ടതെന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ശാരീരിക പ്രയാസങ്ങൾക്കിടെ എസ്.എസ്.എൽ.സി. പരീക്ഷ എങ്ങനെ എഴുതും എന്ന ആശങ്കയിലാണ് പെൺകുട്ടിയും കുടുംബവും. സംഭവം അറിഞ്ഞിട്ടും സ്കൂളിന്റെ ഇൻ ചാർജ് പ്രധാന അധ്യാപിക ഒന്ന് ആശ്വസിപ്പിക്കാൻപോലും തയ്യാറായില്ലെന്ന് വിദ്യാർഥിനി പരാതിപ്പെട്ടു.
മൂത്രാശയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഏറെ ബുദ്ധിമുട്ടിലായ പെൺകുട്ടിയെ, ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാനാവില്ലെന്നു പറഞ്ഞ് നിർബന്ധിച്ച് ക്ലാസിലിരുത്താനുള്ള ശ്രമം നടന്നതായി കുട്ടിയുടെ അമ്മ ആരോപിച്ചു. ഫെബ്രുവരി മൂന്നിന് നടന്ന സംഭവത്തിൽ 17-ന് പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരേ കാര്യമായ നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നതെന്നും കുട്ടിയുടെ അമ്മ പരാതിപ്പെട്ടു.
അതേസമയം ക്ലാസ് മുറിയിൽ വിദ്യാർഥിനികൾ എറിഞ്ഞുകളിച്ചപ്പോൾ ദേഹത്ത് വീണതാണെന്നാണ് കുട്ടി ആദ്യം നൽകിയ മൊഴിയെന്നും അതുകൊണ്ടാണ് കേസ് എടുക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു. കൂടാതെ എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്നതിനാലാണ് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാതിരുന്നത്. കുട്ടിക്ക് വേറേ പരാതിയുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ
തെങ്ങോട് ഗവ. സ്കൂളിലെ വിദ്യാർഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറിയതുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ കൗൺസിലിലും ചർച്ച ഉയർന്നു. പെൺകുട്ടിയെ ഉപദ്രവിച്ച സഹപാഠികളെ കുറിച്ച് പോലീസ് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൗൺസിലർ ഹസീന ഉമ്മറാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്. തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള സ്കൂളാണിത്.