പേരാമ്പ്ര∙ സഹപാഠിക്കൊപ്പമുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്തിൽ നിന്നു കോളജ് വിദ്യാർഥിക്ക് മർദ്ദനമേറ്റതായി പരാതി. മേപ്പയൂർ സ്വദേശി കുളമുള്ളതിൽ സയൻ ബഷീറിനാണ് (20) മർദ്ദനമേറ്റത്.
നാലു മാസം മുൻപ്, സയൻ സഹപാഠിക്കൊപ്പമുള്ള റീൽ വിഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്ത് വിഡിയോ ഡിലീറ്റ് ചെയ്യണമെന്നു പറഞ്ഞു വിലക്കിയിരുന്നു. തുടർന്ന് പെൺകുട്ടിയും ആവശ്യം ഉന്നയിച്ചതോടെ വിഡിയോ നീക്കം ചെയ്തിരുന്നതായും പറയുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കോളജിൽ വച്ച് ജാസിം എന്ന വിദ്യാർഥി തടഞ്ഞു നിർത്തി മർദിച്ചെന്നാണ് സയാന്റെ പരാതി. മൂക്കിനും പല്ലിനും പരുക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സയാന്റെ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു