കോയമ്പത്തൂര്‍: യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞ വ്യവസായി അറസ്റ്റില്‍. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് അറസ്റ്റിലായത്.
ദിവസങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരിലെ സ്വകാര്യ ചടങ്ങിനിടെ, യുട്യൂബറായ യുവാവ് ബാലകൃഷ്ണനെ പരിചയപ്പെടുകയായിരുന്നു. വിഡിയോയിലൂടെ പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള പുലിനഖങ്ങളുള്ള മാല വിഡിയോയില്‍ കാണിച്ചത്. വേട്ടയാടിയതല്ലെന്നും ആന്ധ്രപ്രദേശില്‍നിന്നു വിലയ്ക്കു വാങ്ങിയാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ വീരന്മാരുടെ പാരമ്പര്യത്തില്‍ വന്നതാണെന്നും എംജിആര്‍ ചിത്രങ്ങള്‍ നിര്‍മിച്ചു പ്രശസ്തനായ സാന്റോ ചിന്നപ്പ തേവരുടെ ബന്ധുവാണെന്നും വ്യവസായി വിഡിയോയില്‍ പറയുന്നു.
പുലിനഖത്തെ കുറിച്ചുള്ള വിഡിയോ വൈറലായതോടെ കോയമ്പത്തൂര്‍ വനം വകുപ്പ് അധികൃതര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മാന്‍ കൊമ്പുകളും കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേവപ്പെടുത്തുകയായിരുന്നു.