സമാധി പൊളിക്കൽ വിവാദം ; മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കാം – ഹൈകോടതി

news image
Jan 15, 2025, 10:22 am GMT+0000 payyolionline.in

കൊച്ചി: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കൽ വിവാദത്തിൽ മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമാണെന്ന നിഗമനത്തിൽ കോടതിയ്ക്ക് എത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ എല്ലാ നടപടികളും ഇപ്പോൾത്തന്നെ നിർത്തിവെക്കുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി പൊളിക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ, ആർ ഡി ഒ, പൊലീസ് എന്നിവരെ എതിർകക്ഷിയാക്കി ഭാര്യ സുലോചന നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിലപാട്. ജസ്റ്റിസ് സി.എസ് ഡയസിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും കോടതി പറഞ്ഞു. നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ല. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, മറുപടി നല്കാൻ സർക്കാരിന് നോട്ടീസ് നൽകി. അതേസമയം എന്തിനാണ് നിങ്ങൾക്ക് പേടിയെന്നും ഹൈകോടതി ഹരജിക്കാരോട് ചോദിച്ചു. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ, ആര്‍.ഡി.ഒയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

അതേസമയം സമാധി പൊളിക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടിലാണ് കുടുംബം. പിതാവിൻ്റെ കല്ലറ പൊളിക്കുന്നതിൽ അന്തിമ തീരുമാനം ഹിന്ദു ഐക്യവേദി എടുക്കുമെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്തൻ പറഞ്ഞു. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കും. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സനന്തൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe