ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഇസ്രയേൽ മുൻ സൈനിക ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആമോസ് യാഡ്ലിൻ. സമാധാനത്തിന് മധ്യസ്ഥത വഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏതു ശ്രമത്തെയും ഇസ്രയേൽ സ്വാഗതം ചെയ്യുമെങ്കിലും ഹമാസ് സമാധാനത്തിനു തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 40 വർഷം ഇസ്രയേൽ പ്രതിരോധ സേനയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
‘‘ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. ഒരേ സമയം സ്വാതന്ത്ര്യം നേടിയ രണ്ട് രാഷ്ട്രങ്ങളാണിവ. സമാനമായ പാരമ്പര്യങ്ങളുണ്ട്. അതിർത്തിയിൽ ശത്രുക്കളുള്ള രണ്ടു രാഷ്ട്രങ്ങളാണ് ഞങ്ങൾ. ഇന്ത്യയ്ക്കു പാക്കിസ്ഥാനിൽനിന്നും ചൈനയിൽനിന്നും ഞങ്ങൾക്ക് ഗാസ, ഹിസ്ബുല്ല, ഇറാൻ, സിറിയ എന്നിവിടങ്ങളിൽനിന്നുമുള്ള ഭീകരരുണ്ട്. ഒരേ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ഇസ്രയേൽ ഇന്ത്യയെ വളരെയധികം സഹായിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ മധ്യസ്ഥ ശ്രമത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.’’– അദ്ദേഹം പറഞ്ഞു.
‘‘ഒരു ചർച്ചയ്ക്കും, സമാധാന ശ്രമത്തിനും ഹമാസ് തയാറല്ല. ഐഎസ്ഐഎസ് പോലെ ഹമാസ് ഒരു ഭീകര സംഘടനയാണ്. അവർ സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയാണ്. മോദിക്ക് അദ്ഭുതം ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ കൈപിടിക്കാൻ തയാറാണ്’’– അദ്ദേഹം പറഞ്ഞു. ഇസ്രയേൽ – ഹമാസ് സംഘർഷം തുടരുന്നതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ സംഭാഷണം നടത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.