സമര പരമ്പരയുമായി കർഷക സംഘടനകൾ, ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് മാർച്ച്, നാളെ നിർണായക സമ്മേളനം

news image
Feb 24, 2024, 6:17 am GMT+0000 payyolionline.in

ദില്ലി: സമാധാനപരമായി പ്രതിഷേധം തുടരുന്ന കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.  യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഈ മാസം 29 വരെ അതിർത്തികളിൽ സമാധാന പ്രതിഷേധം തുടരാൻ ഇന്നലെ ചേർന്ന കർഷക നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇതിനിടെ, ഇന്ന് മുതല്‍ സമര പരമ്പരകളുമായി മുന്നോട്ടുപോകാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വെടിയേറ്റ് മരിച്ച യുവ കർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും. നാളെ ലോക വ്യാപാര സംഘടനയിൽ നിന്നും പുറത്തു വരേണ്ടതിനെ പറ്റി പഞ്ചാബ് അതിർത്തിയിൽ നിര്‍ണായക സമ്മേളനം ചേരും. തുടര്‍ന്ന് പ്രതിഷേധ പരിപാടികളും നടത്തും.

തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. ചൊവ്വാഴ്ച മുതൽ തുടർ ദേശീയ തലത്തിൽ നേതാക്കളെ പങ്കെടുപ്പിച്ച് അതിർത്തികളിൽ യോഗം ചേരും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ സംഘും ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക. ഇതിനിടെ, കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചാൽ പോകും എന്നു കർഷക നേതാക്കൾ വ്യക്തമാക്കി. പക്ഷേ താങ്ങുവില നിയമം കൊണ്ടുവരാൻ നടപടി തുടങ്ങണമെന്നും ഇക്കാര്യത്തിൽ മാത്രമേ ചർച്ചയ്ക്ക് ഉള്ളുവെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മറ്റി പ്രസിഡന്‍റ് സുഖ്വിന്ദർ സിംഗ് സാബ്ര പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അവതരിപ്പിച്ച പദ്ധതി കർഷകർക്ക് വേണ്ടിയല്ല, കരാർ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്. ഞങ്ങളും വോട്ട് ചെയ്താണ് മോദി പ്രധാനമന്ത്രി ആയത്. കർഷകർക്ക് മോദി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe