തിരുവനന്തപുരം: സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രംഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചു.