തിരുവനന്തപുരം ∙ സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകൾ മറ്റന്നാൾ ആരംഭിക്കാനിരിക്കെ 13 ഇനം സബ്സിഡി സാധനങ്ങളിൽ പലതിന്റെയും സ്റ്റോക്ക് എത്തിയില്ല. റീ ടെൻഡർ വഴി 1000 കിലോ വറ്റൽ മുളക് സപ്ലൈകോയ്ക്കു ലഭിച്ചതാണ് തൽക്കാല ആശ്വാസം. ഇത് 14 പ്രധാന ഓണച്ചന്തകൾ വഴി മാത്രമാണു വിൽക്കുകയെങ്കിലും ആവശ്യക്കാർക്കു മുഴുവൻ തികയില്ല. പൊതുവിപണിയിൽ അൽപം വില കുറഞ്ഞതിനാലാണ് മുളക് ലഭിച്ചത്. നേരത്തേ ടെൻഡർ ക്ഷണിച്ചപ്പോൾ ലഭിച്ചില്ല. വിപണിയിൽ വറ്റൽ മുളകിന്റെ വില കിലോയ്ക്ക് 360 രൂപ വരെ ഇടയ്ക്ക് വർധിച്ചത് പിന്നീട് 260 രൂപ വരെയായി താഴ്ന്നിരുന്നു. സബ്സിഡിയോടെ കിലോയ്ക്ക് 75 രൂപയ്ക്കാണ് മുളക് നൽകുന്നത്.
മറ്റ് 13 ഇനം സബ്സിഡി സാധനങ്ങളിൽ പച്ചരി, കറുത്ത കടല, വൻപയർ തുടങ്ങി പലതിനും ഇപ്പോഴും ക്ഷാമമുണ്ട്. സപ്ലൈകോ കനത്ത ധനപ്രതിസന്ധി നേരിടുന്നതിനാൽ വിതരണക്കാർക്ക് മുൻകാല കുടിശികയായി 560 കോടി രൂപ വരെ നൽകാനുണ്ട്. സംസ്ഥാന സർക്കാരിൽ നിന്നു വിപണി ഇടപെടലിന് ആകെ ലഭിച്ചത് 70 കോടി രൂപയാണ്. 500 കോടി രൂപ ആവശ്യപ്പെട്ടു ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അധികവിഹിതത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല.