സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഒരുങ്ങി; സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

news image
Aug 24, 2025, 11:14 am GMT+0000 payyolionline.in

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഒരുങ്ങി. സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വന്‍ വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നതായി ഔട്ട്‌ലെറ്റുകളുടെ സന്ദര്‍ശനത്തിനിടെ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

വിപണിയടപെടല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ 10 ദിവസങ്ങളിലായാണ് സംസ്ഥാനത്ത് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഇക്കുറി 140 നിയമസഭാ മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. നിയമസഭാ മണ്ഡലങ്ങളില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. 200-ഓളം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുണ്ട് സപ്ലൈകോയില്‍. പൊതുവിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവില്‍ ഇനി സാധനങ്ങള്‍ വാങ്ങാം.

സാധാരണക്കാര്‍ക്ക് സപ്ലൈകോ വലിയ സഹായമാണെന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പൊതുവിപണിയില്‍ 539 രൂപ വിലയുള്ള വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഇക്കുറി സഞ്ചരിക്കുന്ന ഓണച്ചന്തകളും ഉണ്ടാകുമെന്നു മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

നാളെ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാക്കും. സെപ്റ്റംബറിലെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ മുന്‍കൂറായി നാളെ മുതല്‍ വാങ്ങാനും സാധിക്കും. ഇതിനോടകം തന്നെ സപ്ലൈകോയിലെ വില്‍പ്പന സജീവമായിട്ടുണ്ട്. 300 കോടി രൂപയുടെ വിറ്റുവരവാണ് ഈ ഓണക്കാലത്ത് പ്രതീക്ഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe