തിരുവനന്തപുരം: സപ്ലൈകോയിൽ ഇന്നു മുതൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ചില ഇനങ്ങൾ വില കുറവിൽ വാങ്ങാം. സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ അനിൽ അറിയിച്ചിരുന്നു. വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറയും.
സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറച്ച് 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപ കുറച്ച് 359 രൂപയുമായി. കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍ നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88, 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി അരിക്ക് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും. ഓണക്കാലത്ത് 56.73 ലക്ഷം കാര്‍ഡുകാരാണ് സപ്ലൈകോയില്‍ എത്തിയത്. ഉത്സവകാലം ഒഴികെ 30- 35 ലക്ഷം കാര്‍ഡുകാരാണ് പ്രതിമാസം സപ്ലൈകോയെ ആശ്രയിക്കുന്നത്.