‘സത്യനാഥൻ തന്നെ മനപൂർവം അവഗണിച്ചു’, പ്രതി അഭിലാഷിന്‍റെ മൊഴി പുറത്ത്, ആയുധം വാങ്ങിയത് ഗള്‍ഫിൽ നിന്ന്

news image
Feb 24, 2024, 4:32 am GMT+0000 payyolionline.in

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ  കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്‍റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിവി സത്യനാഥൻ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷിന്‍റെ മൊഴി. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പുറമെ മറ്റു പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ സംരക്ഷിച്ചില്ല. സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തു. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്‍റെ മൊഴിയിലുണ്ട്.  റിമാന്‍ഡ് റിപ്പോർട്ടിലാണ് അഭിലാഷിന്‍റെ മൊഴിയിലെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അഭിലാഷ് കൊല നടത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

ഇതിനിടെ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തുവച്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലുൾപ്പെടെ കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe