സച്ചിനും ലാറയും നേർക്കുനേർ, മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ-വിൻഡീസ് കിരീടപ്പോരാട്ടം, മത്സരം കാണാനുള്ള വഴികൾ; സമയം

news image
Mar 16, 2025, 11:36 am GMT+0000 payyolionline.in

റായ്പൂര്‍: ഇന്‍റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20ചാമ്പ്യൻമാരെ ഇന്നറിയാം. സച്ചിൻ ടെൻഡുൽക്കർ നയിക്കുന്ന ഇന്ത്യ ഫൈനലിൽ ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.സെമിയിൽ ഓസ്ട്രേലിയയെ ഇന്ത്യ 94 റണ്‍സിന് തകര്‍ത്തപ്പോള്‍ വിൻഡീസ് സെമിയിൽ ശ്രീലങ്കയെ ആറ് റണ്‍സിന് വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ജയം ആധികാരികമായിരുന്നെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രീലങ്ക പൊരുതിവീഴുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സടിച്ചപ്പോള്‍ ശ്രീലങ്ക മാസ്റ്റേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിന്‍ഡീസ് മാസ്റ്റേഴ്സിനായി ദിനേശ് രാംദിന്‍ 22 പന്തില്‍ 50 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ബ്രയാൻ ലാറ 33 പന്തില്‍ 41 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ 97-6 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞശേഷം അസേല ഗുണരത്നെയുടെ(66) അര്‍ധസെഞ്ചുറി മികവിലാണ് ശ്രീലങ്ക വിജയത്തിന് അടുത്തെത്തിയത്.ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർ നല്‍കുന്ന വെടിക്കെട്ട് തുടക്കത്തിലും യുവരാജ് സിംഗിന്‍റെ മിന്നും ഫോമിലുമാണ് കിരീടപ്പോരിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ. അംബാട്ടി റായുഡു, ഇർഫാൻ പത്താൻ, യുസഫ് പഠാൻ തുടങ്ങിയവരുടെ പ്രകടനങ്ങളും നിര്‍ണായകമാകും. ക്യാപ്റ്റന്‍ ബ്രയാന്‍ ലാറക്ക് പുറമെ ഡ്വയ്ൻ സ്മിത്ത്, ലെൻഡ്ൽ സിമൺസ്, ദിനേഷ് രാംദിൻ തുടങ്ങിയവരാകും വിൻഡീസ് നിരയിൽ ഇന്ത്യക്ക ഭീഷണിയാകുക. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ ഏഴ് റണ്‍സിന് വിൻഡീസിനെ തോൽപിച്ചിരുന്നു.  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സടിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് അടിച്ച് ഞെട്ടിച്ചിരുന്നു. സച്ചിനും ലാറയും അന്ന് കളിക്കാനിറങ്ങിയിരുന്നില്ല.

മത്സരം കാണാനുള്ള വഴികള്‍

ഇന്ത്യ മാസ്റ്റേഴ്സ്-വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് കിരീടപ്പോരാട്ടം ടിവിയില്‍ കളേഴ്സ് സിനിപ്ലക്സിലും കളേഴ്സ് സിനിപ്ലക്സ് സൂപ്പര്‍ ഹിറ്റ് ചാനലിലും തത്സമയം കാണാനാകും. ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe