കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തിരിതെളിഞ്ഞു. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികൾ ഉണരും.
കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കേഴ്സ് ജംക്ഷൻ മുതൽ ചിന്നക്കട വരെയുള്ള റോഡിൽ വൺവേ ട്രാഫിക്ക് മാത്രമേ അനുവദിക്കൂ. ഈ റോഡിലൂടെ കെഎസ്ആർടിസി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ അനുവദിക്കില്ല. വേദികൾക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാർക്കിങ് സൗകര്യം. നഗരത്തിൽ ടൗൺ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളെ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. ഇവ നിർബന്ധമായും മീറ്റർ പ്രവർത്തിപ്പിക്കണമെന്നും നിർദേശമുണ്ട്.